Top

'റോളക്‌സ് ആകാന്‍ സൂര്യയ്ക്ക് വേണ്ടിവന്നത് ഒരു പകല്‍ മാത്രം, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍'; ലോകേഷ്

14 Jun 2022 11:10 AM GMT
ഫിൽമി റിപ്പോർട്ടർ

റോളക്‌സ് ആകാന്‍ സൂര്യയ്ക്ക് വേണ്ടിവന്നത് ഒരു പകല്‍ മാത്രം, അതിന് പിന്നില്‍ രണ്ട് കാരണങ്ങള്‍; ലോകേഷ്
X

'വിക്ര'മിന്റെ കഥയുമായി സൂര്യയെ സമീപിച്ചപ്പോള്‍ റോളക്‌സ് എന്ന കഥാപാത്രം ചെയ്യില്ലെന്നാണ് കരുതിയിരുന്നതെന്ന് സംവിധായകന്‍ ലോകേഷ് കനകരാജ്. എന്നാല്‍ കഥ പറഞ്ഞ ആ ദിവസം തന്നെ റോളക്‌സിനെ അവതരിപ്പിക്കാന്‍ സൂര്യ തയ്യാറാവുകയായിരുന്നുവെന്നും അതിന് പിന്നില്‍ രണ്ട് കാരണങ്ങളാണ് ഉള്ളതെന്നും ലോകേഷ് പറയുന്നു. വിക്രമി'ന്റെ വിജയവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കഥ പറയാന്‍ സൂര്യയെ സമീപിച്ചപ്പോള്‍ റോളക്‌സ് എന്ന കഥാപാത്രം ചെയ്യില്ലെന്നാണ് കരുതിയിരുന്നത്. കഥ പറഞ്ഞതിന് ശേഷം തീരുമാനത്തിലെത്താന്‍ ഒരു പകല്‍ മാത്രമാണ് അദ്ദേഹം എടുത്തത്. അന്ന രാത്രി തന്ന എന്നെ വിളിച്ചു. രണ്ട് കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഒരു വലിയ കമല്‍ഹാസന്‍ ആരാധകന്‍ ആണെന്നാതാണ് ആദ്യത്തെ കാര്യം. രണ്ടാമത്തേത് അദ്ദേഹത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമായിരുന്നു. ഇപ്പോള്‍ ചെയ്തില്ലെങ്കില്‍ പിന്നെ എപ്പോള്‍ ആണെന്നാണ് സൂര്യ പറഞ്ഞത്' ലോകേഷ് വ്യക്തമാക്കി.

'വിക്രം' അടുത്ത ഭാഗത്തില്‍ സൂര്യ പ്രധാന കഥാപാത്രമാകും എന്ന് ലോകേഷ് കനകരാജ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കമല്‍ ഹാസനും സുര്യയും തമ്മിലുള്ള രംഗങ്ങള്‍ക്കായുള്ള ആവേശത്തിലാണ് സിനിമാപ്രേമികള്‍.

ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്തിയ ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. സിനിമ ഇതുവരെ 300 കോടിയ്ക്ക് മുകളില്‍ കളക്ഷന്‍ നേടി കഴിഞ്ഞു. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡും 'വിക്രം' സ്വന്തമാക്കിയിരുന്നു. അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ് ചിത്രം റെക്കോര്‍ഡ് നേടിയത്. വിജയ് നായകനായ 'ബിഗില്‍' ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം.

Story Highlights; Lokesh Kanakaraj about surya's rolex character vikram movie

Next Story