Top

ലോകത്തിലെ ഏറ്റവും വലിയ കാഴ്ചാനുഭവം ഒരുക്കാൻ 'കെജിഎഫ് 2' ഐമാക്സിലും

ഹോളിവുഡിലെ പ്രധാന പ്രോജക്റ്റുകള്‍ക്ക് മാത്രമാണ് ഐമാക്സ് റിലീസ് നടത്താറുള്ളത്

8 April 2022 10:00 AM GMT
ഫിൽമി റിപ്പോർട്ടർ

ലോകത്തിലെ ഏറ്റവും വലിയ കാഴ്ചാനുഭവം ഒരുക്കാൻ കെജിഎഫ് 2 ഐമാക്സിലും
X

പ്രശാന്ത് നീലിന്റെ തെന്നിന്ത്യൻ ബ്രഹ്മാണ്ഡ ചിത്രമായ കെജിഎഫ് 2വിനായുള്ള കാത്തിരിപ്പ് അവസാനിക്കാൻ ഇനി ഏതാനും ദിവസം മാത്രമാണ് ബാക്കിയാകുന്നത്. കന്നഡ സിനിമയ്ക്ക് ആദ്യമായി ഇന്ത്യയൊട്ടാകെ പ്രശസ്തി നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിൽ 14ന് എത്തുകയാണ്. ലോകമെമ്പാടും 'കെജിഎഫ് 2' റിലീസ് ചെയ്യുമ്പോൾ ചിത്രം ഐമാക്സ് ഫോർമാറ്റിലും ഇനി പ്രേക്ഷകർക്ക് ആസ്വദിക്കാം. ലോകത്തിലെ തന്നെ ഏറ്റവും വലിയ സിനിമാനുഭവം സമ്മാനിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഐമാക്സ് സാധാരണയിലും കവിഞ്ഞ ആസ്പെക്റ്റ് റേഷ്യോ ആയ 1:43:1, 1:90:1 എന്നിവയിലും സ്റ്റേഡിയം സീറ്റിംഗും ഒക്കെയാണ് പ്രത്യേകമായി സജ്ജീകരിച്ചരിക്കുന്നത്.


ഹോളിവുഡിലെ പ്രധാന പ്രോജക്റ്റുകള്‍ക്ക് മാത്രമാണ് ഐമാക്സ് റിലീസ് നടത്താറുള്ളത്. ഇന്ത്യന്‍ സിനിമയിലും ചില ശ്രദ്ധേയ ചിത്രങ്ങള്‍ നിലവില്‍ ഐമാക്സ് ഫോര്‍മാറ്റില്‍ റിലീസ് ചെയ്യുന്നുണ്ട്. രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആണ് ഐമാക്സിലാണ് റിലീസ് ചെയ്തിരുന്നത്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ കന്നഡ ചിത്രം എന്ന പ്രത്യേകത കൂടി കെജിഎഫ് 2വിനുണ്ട്. സാധാരണ ഫോര്‍മാറ്റില്‍ ഉള്ള റിലീസിനേക്കാള്‍ ഒരു ദിവസം മുന്‍പേയാകും ഐമാക്സില്‍ പ്രദര്‍ശനത്തിനെത്തുക 13നാണ് ഐമാക്സ് റിലീസ്.

2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. യാഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2. കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടൻ പൃഥ്വിരാജാണ്.ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അൻപറിവാണ്. ചിത്രം ഏപ്രിൽ 14ന് റിലീസ് ചെയ്യും.

story highlights: KGF2' on Imax to create the greatest viewing experience in the world

Next Story