അണ്ണാത്തെയിൽ രജനിക്കൊപ്പമുള്ള കഥാപാത്രം; കീർത്തി സുരേഷ് ഉപേക്ഷിച്ചത് 'പൊന്നിയിൻ സെൽവനും' 'ശ്യാം സിംഘ റോയിയും'
30 Jan 2022 2:09 PM GMT
ഫിൽമി റിപ്പോർട്ടർ

തെന്നിന്ത്യൻ സിനിമയിൽ ഏറെ തിരക്കുള്ള നടിയാണ് കീർത്തി സുരേഷ്. മഹാനടിയിലെ പ്രകടനത്തിലൂടെ ദേശീയ പുരസ്കാരവും കീർത്തി സ്വന്തമാക്കി. മോഹൻലാൽ നായകനായ 'മരക്കാർ അറബികടലിന്റെ സിംഹം', രജനികാന്ത് നായകനായ 'അണ്ണാത്തെ' എന്നീ ചിത്രങ്ങളാണ് നടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്. ഇപ്പോഴിതാ അണ്ണാത്തെ എന്ന സിനിമയ്ക്കായി കീർത്തി ഉപേക്ഷിച്ച പ്രോജക്ടുകളെകുറിച്ചാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം 'പൊന്നിയിൻ സെൽവനി'ൽ വളരെ പ്രാധാന്യമേറിയ ഒരു കഥാപാത്രത്തിനായി കീർത്തിയെ പരിഗണിച്ചിരുന്നു. എന്നാൽ രജനികാന്ത് ചിത്രവുമായി ഡേറ്റ് ക്ലാഷ് ഉണ്ടാകുമെന്നതിനാൽ നടി ആ അവസരം നിഷേധിക്കുകയായിരുന്നു.
അതുപോലെ നാനി നായകനായ തെലുങ്ക് ചിത്രം 'ശ്യാം സിംഘ റോയി'ലെ കഥാപാത്രത്തെയും അണ്ണാത്തെയ്ക്കായി കീർത്തി ഉപേക്ഷിച്ചു. ഈ വേഷം പിന്നീട് സായി പല്ലവിയാണ് അവതരിപ്പിച്ചത്.
അതേസമയം 'ഗുഡ് ലക്ക് സഖി' എന്ന സിനിമയാണ് കീർത്തിയുടേതായി റിലീസിന് ഒരുങ്ങുന്നത്. നാഗേഷ് കുക്കുനൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദി, ജഗപതി ബാബു,, രാഹുല്‍ രാമകൃഷ്ണ, രമ പ്രഭ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടൊവിനോ തോമസ് നായകനാകുന്ന ചിത്രം 'വാശി' ഉൾപ്പടെ നിരവധി സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.