കമല്‍ ഹാസന്റെ 'വിക്രം' ടീസര്‍ പുറത്ത്; പങ്കുവച്ച് വിജയ് സേതുപതി
നാളെ ജന്മദിനം ആഘോഷിക്കുന്ന കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്നാണ് വിജയ് സേതുപതി ടീസര്‍ പങ്കുവച്ചിട്ടുള്ളത്
6 Nov 2021 2:10 PM GMT
ഫിൽമി റിപ്പോർട്ടർ

കമല്‍ ഹാസന് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'വിക്ര'ത്തിന്റെ ടീസര്‍ പുറത്തുവിട്ടു. കമല്‍ ഹാസന്, വിജയ് സേതുപതി എന്നിവരാണ് ടീസര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. നാളെ ജന്മദിനം ആഘോഷിക്കുന്ന കമല്‍ ഹാസന് ആശംസകള്‍ നേര്‍ന്നാണ് വിജയ് സേതുപതി ടീസര്‍ പങ്കുവച്ചിട്ടുള്ളത്. വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. മലയാളി സന്നിധ്യം കൊണ്ട് ശ്രദ്ധയമാകുന്ന ചിത്രം കൂടിയാണ് വിക്രം.
വിജയ് സേതുപതി, ഫഹദ് ഫാസില്‍, കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന് എന്നിവപും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
പൊളിറ്റിക്കല്‍ ത്രില്ലര്‍ ആയ വിക്രമിന്റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ തീര്‍ക്കാനുള്ള പദ്ധതിയിലാണ് അണിയറപ്രവര്‍ത്തകര്‍. ഇന്ത്യന്‍-2വിന് ശേഷം കമല്‍ ഹാസന് പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് വിക്രം. ലോകേഷിന്റെ മാസ്റ്ററിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്.
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം എന്നാണ് സംവിധായകന് പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.