Top

ഉലകനായകന്റെ ബോക്സോഫീസ് വേട്ട; 'വിക്രമി'ന് യുകെയിലും റെക്കോർഡ്

എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്.

11 Jun 2022 10:23 AM GMT
ഫിൽമി റിപ്പോർട്ടർ

ഉലകനായകന്റെ ബോക്സോഫീസ് വേട്ട; വിക്രമിന് യുകെയിലും റെക്കോർഡ്
X

കമൽ ഹാസൻ നായകനായ ചിത്രം 'വിക്രം' തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയുടെ പേരിൽ ഒരു പുതിയ റെക്കോർഡ് കൂടിയെത്തിയിരിക്കുകയാണ്. യുകെയില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ എക്കാലത്തെയും തമിഴ് ചിത്രമായി മാറിയിരിക്കുകയാണ് 'വിക്രം'. എ പി ഇന്റര്‍നാഷണലാണ് ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കിയിരുന്നു. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് നേടിയത്. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം.

കമൽ ഹാസൻ നായകനായ ചിത്രം ഇതിനകം 250 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. കമലിന് പുറമെ ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സൂര്യയും 'വിക്രമി'ൽ സുപ്രധാനമായ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.

story highlights: kamal haasan movie vikram record collection from uk

Next Story