തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടി; നേട്ടങ്ങൾ തുടർന്ന് ഉലകനായകന്റെ 'വിക്രം'
കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കിയിരുന്നു.
12 Jun 2022 8:30 AM GMT
ഫിൽമി റിപ്പോർട്ടർ

കമൽ ഹാസൻ നായകനായ ചിത്രം 'വിക്രം' ബോക്സോഫീസ് വേട്ട തുടരുകയാണ്. ചിത്രം ഒമ്പത് ദിവസങ്ങൾ കൊണ്ട് തമിഴ്നാട്ടിൽ നിന്ന് മാത്രം 100 കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു.
ആദ്യ ദിനം മുതൽ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സാധാരണ ദിനങ്ങളിലും അവധി ദിനങ്ങളിലും ചിത്രത്തിന് തിയേറ്ററിൽ മിൽക്ക് സ്വീകാര്യത ലഭിക്കുന്നുണ്ട്. ചിത്രം ഇന്നത്തോടെ ആഗോള തലത്തിൽ 300 കോടി ക്ലബിൽ ഇടം നേടുമെന്നാണ് അനലിസ്റ്റുകൾ കണക്ക് കൂട്ടുന്നത്.
കമൽ ഹാസന്റെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രമായിരിക്കുകയാണ് 'വിക്രം'. അടുത്ത ദിവസങ്ങളിൽ തന്നെ ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രങ്ങളുടെ പട്ടികയിലും ചിത്രം ഇടം നേടും.
കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന റെക്കോർഡും 'വിക്രം' സ്വന്തമാക്കിയിരുന്നു. അഞ്ച് ദിവസങ്ങൾ കൊണ്ടാണ് ചിത്രം റെക്കോർഡ് നേടിയത്. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം.
പ്രീ റിലീസ് ബിസിനസ് മാത്രമായി ചിത്രം 100 കോടിയിലധികം നേടിയിരുന്നു. തെന്നിന്ത്യയിൽ പ്രീ-റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര് ആണ്. ചിത്രത്തിന്റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്നിക്കാണ്.
story highlights: kamal haasan movie vikram collected 100 crore from tamilnadu