കമൽ ഇനി ഒന്നാമൻ; കേരളത്തിലെ ഏറ്റവും വലിയ പണം വാരി തമിഴ് ചിത്രമായി 'വിക്രം'
അഞ്ചാം ദിനമായ ചൊവ്വാഴ്ച്ച ചിത്രത്തിന്റെ കളക്ഷൻ 3.02 കോടി ആയിരുന്നു.
8 Jun 2022 11:36 AM GMT
ഫിൽമി റിപ്പോർട്ടർ

കമൽ ഹാസൻ നായകനായ ചിത്രം 'വിക്രം' തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ പ്രദർശനം തുടരുകയാണ്. തമിഴ്നാടിന് പുറമെ മറ്റു തെന്നിന്ത്യൻ സംസ്ഥാനങ്ങളിലും സിനിമ റെക്കോർഡ് ഇടുകയാണ്. അഞ്ച് ദിനങ്ങൾ കൊണ്ട് 'വിക്രം' കേരളത്തിലെ ഏറ്റവും വലിയ പണം വാരി തമിഴ് ചിത്രമായിരിക്കുകയാണ്. സിനിമ ഇതുവരെ 22.29 കോടി നേടിയെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
ആദ്യ ദിനത്തിൽ 'വിക്രം' കേരളത്തിൽ നിന്നും 5.02 കോടിയാണ് നേടിയത്. രണ്ടാം ദിനം 5.05 കോടിയും മൂന്നാം ദിവസം 5.65 കോടിയും നാലാം ദിവസം 3.55 കോടിയും സിനിമ സ്വന്തമാക്കി. അഞ്ചാം ദിനമായ ചൊവ്വാഴ്ച്ച ചിത്രത്തിന്റെ കളക്ഷൻ 3.02 കോടി ആയിരുന്നു. വിജയ് നായകനായ 'ബിഗിൽ' ആയിരുന്നു കേരളത്തിൽ നിന്ന് ഏറ്റവും അധികം കളക്ഷൻ സ്വന്തമാക്കിയ തമിഴ് ചിത്രം. 20 കോടി ആയിരുന്നു സിനിമയുടെ കളക്ഷൻ.
അതേസമയം 'വിക്രം' ഇതിനോടകം 200 ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവരുടെ പ്രകടനങ്ങള്‍ക്കും മികച്ച അഭിപ്രായം നേടുന്നുണ്ട്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിനും എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര് മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, സംഘട്ടന സംവിധാനം അന്‍പറിവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറപ്രവർത്തകർ.
story highlights: kamal haasan movie vikram becomes the highest grossing tamil movie in kerala