'വിജയം നീതിയുടെയും അമ്മയുടെ യുദ്ധസമാനമായ പോരാട്ടത്തിന്റെയും; പേരറിവാളന്റെ മോചനത്തില്‍ കമല്ഹാസന്
18 May 2022 11:11 AM GMT
ഫിൽമി റിപ്പോർട്ടർ

രാജീവ് ഗാന്ധി വധക്കേസില്‍ പ്രതി പേരറിവാളന് ജയില്മോചിനായതില് പ്രതികരണവുമായി കമല്ഹാസന്. കോടതി അദ്ദേഹത്തെ സ്വമേധയാ കുറ്റവിമുക്തനാക്കിയിരിക്കുകയാണെന്നും അതിയായ സന്തോഷമുണ്ടന്നും കമല്ഹാസന് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'ജീവപര്യന്തത്തേക്കാള്‍ നീണ്ട 31 വര്‍ഷം. ഇപ്പോള്‍ അത് അവസാനിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. പേരറിവാളനോട് അനീതി കാണിച്ച് സര്‍ക്കാരുകള്‍ പന്താടിയ അന്തരീക്ഷത്തില്‍, കോടതി തന്നെ സ്വമേധയാ കുറ്റവിമുക്തനാക്കി. നീതിയും അമ്മയുടെ യുദ്ധസമാനമായ സ്വഭാവവുമാണ് വിജയം നേടിയത്'. - കമല്ഹാസന് ട്വീറ്റ് ചെയ്തു.
രാജീവ് ഗാന്ധി വധത്തില്‍ 1991 ജൂണ്‍ 11നാണ് പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. രാജീവ് ഗാന്ധിയെ വധിക്കാനുപയോഗിച്ച ബോംബു നിര്‍മാണത്തിന് 2 ബാറ്ററികള്‍ പ്രധാന പ്രതിക്ക് എത്തിച്ചു നല്കിയതായിരുന്നു പേരറിവാളനെതിരെയുള്ള ആരോപണം. കേസ് ഏറ്റെടുത്ത സിബിഐ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ കുറ്റപത്രത്തില്‍ ചുമത്തി. കേസിലെ പ്രതികളും എല്‍ടിടിഇ നേതാക്കളുമായ വേലുപ്പിള്ള പ്രഭാകരന്, പൊട്ടു അമ്മന്‍, അകില എന്നിവരെ പിടികിട്ടാപ്പുള്ളികളായും പ്രഖ്യാപിച്ചിരുന്നു. ഇവരെ കൂടാതെ 23 പേരും കേസില്‍ പിടിയിലായിരുന്നു.
വര്‍ഷങ്ങള്‍ നീണ്ട വിചാരണകള്‍ക്കു ശേഷം 1998 ജനുവരി 28ന് കേസില്‍ പ്രതികളായ 26 പേര്‍ക്കും സുപ്രീം കോടതി വധശിക്ഷ വിധിച്ചു. 1999 മെയ് 11ന് അപ്പീല്‍ പരിഗണിച്ച കോടതി മൂന്നു പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കുകയും 19 പേരെ വെറുതെ വിടുകയും ചെയ്തു. എന്നാല്‍ നളിനി, ശാന്തന്, മുരുകന്, പേരറിവാളന് എന്നിവരുടെ വധശിക്ഷ ശരിവയ്ക്കുകയായിരുന്നു.
സുപ്രീം കോടതി വധശിക്ഷ ശരിവച്ചതിനെത്തുടര്‍ന്ന് സമര്‍പ്പിച്ച ദയാഹര്‍ജി 2011ന് രാഷ്ട്രപതിയും തള്ളി. ഇതിനിടെ തമിഴ്നാട് മന്ത്രിസഭയുടേയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ച് നളിനിയുടെ വധശിക്ഷ ജീവപര്യന്തമാക്കി ഗവര്‍ണര്‍ ഇളവുചെയ്തിരുന്നു. 2014ല്‍ പേരറിവാളന്റെ വധശിക്ഷയും സുപ്രീം കോടതി ജീവപര്യന്തമാക്കി ഇളവുചെയ്തു. തടവിലിരിക്കെ ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന് ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിരുന്നു. 19 വയസ്സ് മാത്രമുള്ളപ്പോള്‍ ജയിലിലേക്ക് അയക്കപ്പെട്ട പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്.
Story Highlights; Kamal Haasan in the release of Perarivalan