ജാനകിയും റാമും വീണ്ടും; '96' രണ്ടാം ഭാഗം വരുന്നു, വേണ്ടന്ന് ആരാധകർ
തമിഴ് പിആർഒ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്
2 Feb 2022 6:38 AM GMT
ഫിൽമി റിപ്പോർട്ടർ

കേരളത്തിലും തെന്നിന്ത്യയിലും ഒരുപോലെ തരംഗം സൃഷ്ടിച്ച പ്രണയം പറഞ്ഞ സിനിമയായിരുന്നു വിജയ് സേതുപതി, തൃഷ പ്രധാന വേഷങ്ങളിലെത്തിയ '96'. സി പ്രേം കുമാർ സംവിധാനം ചെയ്ത സിനിമയുടെ റീമേക്കുകൾക്ക് ശേഷം ഇപ്പോൾ രണ്ടാം ഭാഗം എത്തുന്നതായും ഇതുമായി ബന്ധപ്പെട്ട വർക്കുകൾ പുരോഗമിക്കുന്നതായുമുള്ള സൂചനകൾ പുറത്തു വരികയാണ്.
തമിഴ് പിആർഒ ആയ ക്രിസ്റ്റഫർ കനകരാജ് ആണ് ഇത് സംബന്ധിച്ച വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 1996 ബാച്ചിലെ സ്കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. സി. പ്രേം കുമാർ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത് എന്നാണ് വിവരം.
തിരക്കഥക്ക് വിജയ് സേതുപതിയും സമ്മതം മൂളി. രാമചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിച്ചത്. ജാനു എന്ന ജാനകി ദേവിയായി തൃഷയും. ഇരുവരുടെയും അഭിനയത്തിനൊപ്പം ഗോവിന്ദ് വസന്തയുടെ മനോഹരമായ ഗാനങ്ങളും ചിത്രത്തിനെ മറ്റൊരു തലത്തിൽ എത്തിച്ചിരുന്നു.
എന്നാൽ ക്രിസ്റ്റഫർ കനകരാജിന്റെ ഈ പോസ്റ്റിനു താഴെ വന്ന പ്രതികരണം അണിയറപ്രവർത്തകർക്ക് നിരാശയുണ്ടാക്കും വിധമാണ്. രണ്ടാം ഭാഗത്തിന്റെ ആവശ്യം ഇല്ല എന്നും നല്ല രീതിയിലാണ് കഥ അവസാനിച്ചതെന്നും, അതിൽ ഇനിയും പുനഃസൃഷ്ടിയുടെ ആവശ്യമില്ലന്നും കമന്റുകൾ എത്തുന്നു. ഭൂരിഭാഗം പ്രതികരണവും '96 'എന്ന സിനിമയ്ക്ക് രണ്ടാം ഭാഗം വേണ്ട എന്ന് തന്നെയാണ്.