Top

"അല്ലുവിനൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ്" രശ്മിക മന്ദാന

"നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത്. നിങ്ങൾക്ക് കഴിവില്ലായിരുന്നുവെങ്കിൽ, ഇന്ന്, ഞങ്ങളുടെ സിനിമയുടെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല," അല്ലു പറഞ്ഞു

15 Dec 2021 4:39 AM GMT
ഫിൽമി റിപ്പോർട്ടർ

അല്ലുവിനൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ് രശ്മിക മന്ദാന
X

തെന്നിന്ത്യൻ പ്രേക്ഷകർ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ'യിലെ അല്ലു അർജുന്റെ നായികയായി അഭിനയിക്കാൻ സാധിച്ച സ്വപ്നസാക്ഷാത്കാരത്തെ കുറിച്ച് പറയുകയാണ് നടി. ഹൈദരാബാദിൽ നടന്ന വാർത്ത സമ്മേളനത്തിലായിരുന്നു രശ്‌മിക സിനിമയെ കുറിച്ചും അല്ലു അർജുൻ പകർന്നു തന്ന ആത്മവിശ്വാസത്തെ കുറിച്ചും മനസുതുറന്നത്‌. തന്റെയും അല്ലുവിന്റെയും കെമിസ്ട്രി സ്‌ക്രീനിൽ നന്നായി വർക്ക് ഔട്ട് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്നും, സിനിമ ശരിക്കും ആസ്വദിച്ചാണ് അല്ലുവിനോടൊപ്പം അഭിനയിച്ചത് എന്നും രശ്‌മിക മാധ്യമങ്ങളോട് പറഞ്ഞു. ഒപ്പം സഹനടനെന്ന നിലയിൽ അദ്ദേഹത്തിന്റെ പ്രവർത്തനരീതി മികച്ചതാണ് എന്നും അദ്ദേഹത്തോടൊപ്പം 100 സിനിമകൾ കൂടി ചെയ്യാൻ ഞാൻ കാത്തിരിക്കുകയാണ് എന്നും രശ്മിക പ്രസ്മീറ്റിൽ പറഞ്ഞു.

"പുഷ്പയുടെ ആദ്യദിന ചിത്രീകരണത്തിനിടെ ഞാൻ പരിഭ്രാന്തയായിരുന്നു, അപ്പോൾ അല്ലു എന്നോട് പറഞ്ഞത്, "നിങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന ആളുകളുടെ ബുദ്ധിയെ സംശയിക്കരുത്. കാരണം നിങ്ങൾക്ക് കഴിവില്ലായിരുന്നുവെങ്കിൽ, നിങ്ങൾ കഠിനാധ്വാനി അല്ലായിരുന്നുവെങ്കിൽ, നിങ്ങൾ ഇന്ന് ഇവിടെ, ഞങ്ങളുടെ സിനിമയുടെ ഭാഗമായി ഉണ്ടാകുമായിരുന്നില്ല," എന്നാണ്. അതെന്റെ കാഴ്ചപ്പാടിനെ ഒന്നാകെ മാറ്റിമറിക്കുകയും സിനിമയ്‌ക്കായി എന്റെ ഏറ്റവും മികച്ചത് നൽകാനുള്ള ആത്മവിശ്വാസം നൽകുകയും ചെയ്തു," രശ്മിക കൂട്ടിച്ചേർത്തു.

"കുറച്ചുകൂടി മെച്ചപ്പെട്ട ഒരു നടിയും അനുഭവം കൊണ്ട് മെച്ചപ്പെട്ടൊരു വ്യക്തിയുമായി മാറിയതിൽ ഞാൻ അഭിമാനിക്കുന്നു. ഗീതാഗോവിന്ദത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ അല്ലു അർജുൻ മുഖ്യാതിഥിയായിരുന്നു. അന്ന്, എന്നെങ്കിലും എനിക്ക് അല്ലു അർജുനൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. എന്നാൽ, ഇപ്പോൾ ഞാനദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാണ്. അതിനാൽ തന്നെ ഇതെന്നെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ഒരു സ്വപ്നസാക്ഷാത്കാര നിമിഷം കൂടിയാണ്. ഞാൻ ഇതുവരെ പ്രവർത്തിച്ചവരുടെയും പ്രേക്ഷകരുടെയും പ്രോത്സാഹനം കൊണ്ട് മാത്രമാണ് ഇത് സാധ്യമായത്" രശ്മിക പറഞ്ഞു.

'പുഷ്പ' രണ്ടു ഭാഗങ്ങളിലായാണ് എത്തുന്നത്. അല്ലു അർജ്ജുന്റെ ഇതുവരെയുള്ള നായകവേഷങ്ങളിൽ നിന്ന് മാറി പുതിയ ഗെറ്റപ്പിൽ എത്തുമ്പോൾ ശ്രീവല്ലി എന്ന കഥാപാത്രത്തിലെത്തിയ രശ്മികയുടെ ലൂക്കും ഏറെ ശ്രദ്ധേയമാണ്. ഇതുവരെ ഇത്തരത്തിലൊരു ലുക്കിൽ രശ്മികയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിട്ടില്ല. ചിത്രത്തിന്റെ ആദ്യഭാഗമായ 'പുഷ്പ ദ റൈസ്' ഡിസംബർ 17 ന് ആണ് തിയേറ്ററുകളിൽ എത്തുക. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അർജുൻ അഭിനയിക്കുന്നത്. അല്ലു അർജുന്റെ ഇതുവരെ കാണാത്ത ഒരു വേഷപ്പകർച്ചയാണ് ഈ സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.


Next Story