Top

'ഞങ്ങളുടെ സിനിമ കേരളം ഏറ്റെടുത്താൽ ലോകം മുഴുവൻ അതെത്തും'; എസ് എസ് രാജമൗലി

'ലോകം മുഴുവൻ സംസ്കാരവും ഭാഷയും എല്ലാം വ്യത്യാസമാണെങ്കിലും എല്ലാവരുടേയും വികാരങ്ങൾ ഒന്നാണ്'

21 March 2022 5:13 AM GMT
ഫിൽമി റിപ്പോർട്ടർ

ഞങ്ങളുടെ സിനിമ കേരളം ഏറ്റെടുത്താൽ ലോകം മുഴുവൻ അതെത്തും; എസ് എസ് രാജമൗലി
X

ഇന്ത്യൻ സിനിമയിലെ ദൃശ്യ വിസ്മയങ്ങളിലൊന്നായ ബാഹുബലിയെ ഒരുക്കിയ എസ് എസ് രാജമൗലിയുടെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രം 'ആർആർആർ' റിലീസിനായി തയ്യാറെടുത്തു നിൽക്കുകയാണ്. മാർച്ച് 25ന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രം മലയാളികൾ ഏറ്റെടുത്താൽ അത് ലോകം മുഴുവൻ എത്തുമെന്നാണ് എസ് എസ് രാജമൗലി പറയുന്നത്. കേരളത്തിലുള്ളവർ എല്ലാ തരത്തിലുള്ള സിനിമകളെയും ഏറ്റെടുക്കുന്നവരാണ് എന്നും രാജമൗലി കൂട്ടി ചേർത്തു. 'ആർആർആർ' പ്രമോഷന്റെ ഭാഗമായി മലയാള താരം പേർളി മണി രാജമൗലി, റാം ചാരൻ, ജൂനിയർ എൻടിആർ എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് രാജമൗലി മലയാള സിനിമ ആസ്വാദകരെ കുറിച്ച് പറഞ്ഞത്.

''കേരളത്തിൽ ഞങ്ങളുടെ മാസ് മസാല രീതിയിലുള്ള സിനിമകൾ സ്വീകരിക്കപ്പെട്ടാൽ ലോകം മുഴുവനും എല്ലാവരിലേക്കും എത്തിച്ചേരുമെന്ന് ഞങ്ങൾക്കുറപ്പിക്കാനാകും. ലോകം മുഴുവൻ സംസ്കാരവും ഭാഷയും എല്ലാം വ്യത്യാസമാണെങ്കിലും എല്ലാവരുടേയും വികാരങ്ങൾ ഒന്നാണ്. അത് കഥയിലുണ്ടാകും, അതാണ് എൻറെ സിനിമയെ യൂണിവേഴ്സൽ ആക്കുന്നത്. അത്തരത്തിലുള്ള സിനിമകളാണ് പാൻ ഇന്ത്യൻ രീതിയിൽ വിപണി കണ്ടെത്തുന്നത്. അതല്ലാതെ തെലുങ്ക് ഓഡിയൻസിനായി മാത്രമുള്ള സിനിമകൾ അവിടെ മാത്രം ഒതുക്കാറുണ്ട്. സിനിമയിൽ ഒന്നും ഒളിച്ചു വയ്ക്കാനില്ല. ഒരു സസ്പെൻസുമില്ല. സിനിമകൾ ഏറെ ചർച്ചചെയ്യപ്പെടുന്ന കാലഘട്ടമാണ്. മത്സരം കൂടുതലാണ്. നല്ലതും മോശവുമായ റിവ്യൂകളൊന്നും എന്നെ ബാധിക്കാറില്ല. എൻറെ സിനിമകളെ പറ്റി ആരും സംസാരിക്കാതിരുന്നാലാണ് എനിക്ക് വിഷമം.'' രാജമൗലി അഭിപ്രായപ്പെട്ടു.

''ബാഹുബലിയുടെ വലിയ വിജയം എനിക്ക് പേടിയില്ലായിരുന്നു. കഴിഞ്ഞ സിനിമയെ പോകാനായി അനുവദിക്കുക എന്നതാണ് എന്റെ ശീലം. പക്ഷേ അത് നൽകിയ നല്ലതും മോശവുമായ ഓർമ്മകൾ ഇപ്പോഴും കൂടെയുണ്ട്. 'ആർആർആർ' എൻറെ ആദ്യ സിനിമ എന്ന പോലെയാണ് ഞാൻ സംവിധാനം ചെയ്തത്. കലയെ ഡ്രൈവർ സീറ്റിലിരുത്തി കൊമേഴ്സ്യൽ കലയെ ഫോളോ ചെയ്യുന്ന രീതിയാണ് എന്റെ സിനിമകളുടെ ട്രീറ്റ്മെൻറ്. 'ബാഹുബലി' സിനിമ ഇഷ്ടപ്പെടുന്ന ഒരു പ്രേക്ഷകന് തീർച്ചയായും 'ആർആർആർ' ഒരു ദൃശ്യവിസ്മയം തന്നെയാകും.'' രാജമൗലി പറഞ്ഞു.

'ആർആർആർ' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പൂർണ നാമം 'രൗദ്രം രണം രുധിരം' എന്നാണ്. ചിത്രത്തിൽ ജൂനിയർ എൻടിആർ, രാംചരൺ എന്നിവർ കൂടാതെ ബോളിവുഡ് താരങ്ങളായ അജയ് ദേവ്‍ഗൺ, ആലിയ ഭട്ട് തുടങ്ങി നിരവധി പ്രമുഖ താരങ്ങളും അണി നിരക്കുന്നുണ്ട്. ഒലിവിയ മോറിസ്, റേ സ്റ്റീവെൻസൺ, അലിസൺ ഡൂഡി തുടങ്ങിയ ഹോളിവുഡ് താരങ്ങളും സിനിമയിലുണ്ട്. 250 കോടി എന്ന ബാഹുബലി ബജറ്റിന്റെ തകർത്ത് കൊണ്ട് 400 കോടി രൂപ ബജറ്റിലാണ് 'ആർആർആർ' ഒരുങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമയുടെ ടിക്കറ്റ് നിരക്ക് കൂട്ടാൻ സാധ്യതയുള്ളതായി കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശ് മന്ത്രി പെർണി നാനി പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.

Story highlights: 'If our film is taken over by Kerala, the whole world will reach it'; SS Rajamouli

Next Story