Top

ചിമ്പുവിന്റെ മാനനഷ്ടക്കേസ്; നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിഴ ചുമത്തി ഹൈക്കോടതി

മൂന്ന് വര്‍ഷമായിട്ടും സംഘടന കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി

10 March 2022 6:43 AM GMT
ഫിൽമി റിപ്പോർട്ടർ

ചിമ്പുവിന്റെ മാനനഷ്ടക്കേസ്; നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പിഴ ചുമത്തി ഹൈക്കോടതി
X

തെന്നിന്ത്യന്‍ താരം ചിമ്പു നല്‍കിയ മാനഷ്ടകേസില്‍ നിര്‍മ്മാതാക്കളുടെ സംഘനയ്ക്ക് ഒരു ലക്ഷം രൂപ പിഴ. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനാണ് മദ്രാസ് ഹൈക്കോടതി പിഴ ചുമത്തിയത്. മൂന്ന് വര്‍ഷമായിട്ടും സംഘടന കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് കോടതി നടപടി. ഈ മാസം 31നുള്ളില്‍ പിഴയടക്കണം.

'അന്‍പാനവന്‍ അടങ്കാടതവന്‍ അസറാതവന്‍' എന്ന സിനിമയുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളാണ് കേസിന് കാരണം. സിനിമ പരാജയപ്പെട്ടതിന് കാരണം നായകന്‍ ചിമ്പുവാണെന്ന് നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന്‍ ആരോപിച്ചിരുന്നു. ചിത്രീകരണത്തിന് ചിമ്പു സഹകരിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായിരുന്നു.

നിര്‍മ്മാതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് ചിമ്പു കോടതിയെ സമീപിക്കുകയായിരുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് താരം കോടതിയില്‍ മാനനഷ്ടക്കേസ് നല്‍കിയത്. നിര്‍മ്മാതാവ് മൈക്കിള്‍ രായപ്പന് പുറമെ നിര്‍മ്മാതാക്കളുടെ സംഘടന, മുന്‍ പ്രസിഡന്റും നടനുമായ വിശാല്‍ എന്നിവരെയും ഹര്‍ജിയില്‍ പ്രതിചേര്‍ത്തിരുന്നു.

2017ലാണ് 'അന്‍പാനവന്‍ അടങ്കാതവന്‍ അസറാതവന്‍' എന്ന ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ചിമ്പു ട്രിപ്പിള്‍ റോളില്‍ എത്തിയ ആദ്യ സിനിമ കൂടിയായിരുന്നു ഇത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രിയ ശരണും തമന്നയുമാണ് നായികമാരായി എത്തിയത്. സിനിമ റിലീസിന് എത്തിയതിന് ശേഷം കഥ, കോമഡി, അവതരണം, ഡയലോഗ് തുടങ്ങിയതിന് എതിരെ ശക്തമായ വിമര്‍ശനം നേരിട്ടിരുന്നു.

Story Highlights; High court fines producers' association in Chimbu defamation case

Next Story