Top

കെജിഎഫ് സംവിധായകനും ഒരു വിജയ് ഫാൻ; തെളിവുകളുമായി ആരാധകർ

തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലാഷ് എന്നാണ് ആരാധകർ ഇതിനെ വിളിക്കുന്നത്.

29 March 2022 12:00 PM GMT
ഫിൽമി റിപ്പോർട്ടർ

കെജിഎഫ് സംവിധായകനും ഒരു വിജയ് ഫാൻ; തെളിവുകളുമായി ആരാധകർ
X

വിജയ് നായകനാകുന്ന ബീസ്റ്റ്, യാഷ് ചിത്രം കെജിഎഫ് ചാപ്റ്റർ ടു എന്നീ സിനിമകൾ ഒരു ദിവസത്തെ വ്യത്യാസത്തിൽ റിലീസിന് ഒരുങ്ങുകയാണ്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ക്ലാഷ് എന്നാണ് ആരാധകർ ഇതിനെ വിളിക്കുന്നത്. എന്നാൽ ബീസ്റ്റിന് കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ആശംസകളുമായി എത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു. ഒപ്പം താൻ ഒരു വിജയ് ആരാധകനാണ് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴിതാ അതിന്റെ തെളിവുകളുമായി എത്തിയിരിക്കുകയാണ് ആരാധകർ.

പ്രശാന്ത് നീലിന്റെ ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ ഉപയോഗിച്ചാണ് അദ്ദേഹം ഒരു വിജയ് ഫാൻ ആണെന്ന് ആരാധകർ പറയുന്നത്. 'ബിഗിൽ', 'മാസ്റ്റർ' തുടങ്ങിയ സിനിമകളെക്കുറിച്ചുള്ള പരാമർശങ്ങളാണ് അദ്ദേഹത്തിന്റെ പോസ്റ്റുകളിൽ ഉള്ളത്. പ്രശാന്ത് നീൽ വിജയ്‌ക്കൊപ്പം സിനിമ ചെയ്യണം എന്ന ആവശ്യവും ആരാധകർ ഉന്നയിക്കുന്നുണ്ട്.

ഏപ്രിൽ 13നാണ് ബീസ്റ്റ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡോക്ടറിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ സെൽവരാഘവനും ബീസ്റ്റിൽ അഭിനയിക്കുന്നുണ്ട്. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തിൽ ഉള്ളത്. അനിരുദ്ധാണ് സിനിമയ്ക്കായി ഗാനങ്ങൾ ഒരുക്കുന്നത്.

ഏപ്രിൽ 14നാണ് കെജിഎഫ് ചാപ്റ്റർ ടു റിലീസ് ചെയ്യുന്നത്. 2018ൽ റിലീസ് ചെയ്‌ത കെ ജി എഫ് എന്ന സിനിമയുടെ തുടർച്ചയാണ് കെ ജി എഫ് ചാപ്റ്റർ 2. യാഷ് നായകനാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിൽ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവർക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റർ 2. കന്നഡയ്ക്ക് പുറമെ തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക് ഭാഷകളിലും സിനിമ റിലീസ് ചെയ്യും. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടൻ പൃഥ്വിരാജാണ്.

story highlights: fans showing proof on prashanth neel as a vijay fan

Next Story