മാരി സെൽവരാജ് ചിത്രത്തിൽ വില്ലനായി ഫഹദ്; നായകൻ ഉദയനിധി സ്റ്റാലിൻ
കീര്‍ത്തി സുരേഷാണ് നായിക.
4 Jan 2022 7:14 AM GMT
ഫിൽമി റിപ്പോർട്ടർ

മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ വീണ്ടും തമിഴിലേക്ക്. 'പരിയേറും പെരുമാൾ', 'കർണൻ' എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.
ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിലെ നായകൻ. കീര്‍ത്തി സുരേഷാണ് നായിക. തേനി ഈശ്വര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് പറയപ്പെടുന്നത്.
'വേലൈക്കാരൻ' എന്ന ഒരു ചിത്രത്തിലൂടെയാണ് ഫഹദ് ഫാസിൽ ആദ്യമായി തമിഴിൽ അഭിനയിക്കുന്നത്. സിനിമയിലെ കഥാപാത്രം ഏറെ പ്രശംസകൾ നേടിയിരുന്നു. കമൽഹാസൻ നായകനാകുന്ന ചിത്രം വിക്രമിലും ഫഹദ് അഭിനയിക്കുന്നുണ്ട്.
അതേസമയം അല്ലു അർജുൻ നായകനാകുന്ന പുഷ്പയാണ് ഫഹദിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ബൻവാർ സിങ് ഷേക്കാവത്ത് ഐപിഎസ് എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിർമ്മിച്ചിരിക്കുന്നത്.