ദുൽഖറിന്റെ റോം- കോം തയ്യാർ; 'ഹേയ് സിനാമിക' റിലീസ് പ്രഖ്യാപിച്ചു
ദുൽഖറിന്റെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'.
6 Feb 2022 10:00 AM GMT
ഫിൽമി റിപ്പോർട്ടർ

ദുൽഖർ സൽമാൻ നായകനാകുന്ന തമിഴ് ചിത്രം 'ഹേയ് സിനാമിക'യുടെ റിലീസ് പ്രഖ്യാപിച്ചു. മാർച്ച് മൂന്നിനാണ് ചിത്രം റിലീസ് ചെയ്യുക. ദുല്‍ഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള വേഫയെര് റിലീസ് ആണ് ചിത്രം മലയാളത്തിൽ എത്തിക്കുക.
ദുൽഖറിന്റെ 33ാമത്തെ ചിത്രമാണ് 'ഹേയ് സിനാമിക'. 'കുറുപ്പി'ന് ശേഷം എത്തുന്ന ദുൽഖർ ചിത്രം തമിഴിനും മലയാളത്തിനും പുറമെ തെലുങ്ക്, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.
കോളിവുഡിലെ പ്രശസ്ത കൊറിയോഗ്രാഫര്‍ ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹേയ് സിനാമിക. വാരണം ആയിരം, മാന്‍ കരാട്ടെ, തെരി ഉള്‍പ്പടെ നിരവധി ചിത്രങ്ങള്‍ക്കായി കൊറിയോഗ്രാഫറായി ബ്രിന്ദ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗാനരചയിതാവ് വൈരമുത്തുവിന്റെ മകനും ഗാനരചയിതാവും ആയ മധന്‍ കര്‍ക്കിയാണ് രചയിതാവ്.
മണിരത്നം ചിത്രം ഓകെ കണ്മണിയിലെ ഒരു ഗാനത്തില്‍ നിന്നാണ് ചിത്രത്തിന്റെ പേര് കടം കൊണ്ടിരിക്കുന്നത്. അദിതി റാവുവും കാജല്‍ അഗര്‍വാളുമാണ് ചിത്രത്തിലെ നായികമാര്‍. ഗോവിന്ദ് വസന്ത ചിത്രത്തിനായി സംഗീതം നല്കുന്നു. ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വയാകോം 18 എന്നിവർ ചേർന്നാണ് ഹേയ് സിനാമിക നിർമ്മിച്ചിരിക്കുന്നത്.