Top

ഭീംല നായക്‌ എത്തും; ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ

പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

31 Jan 2022 4:01 PM GMT
ജോയേല്‍ സ്റ്റാലിന്‍

ഭീംല നായക്‌ എത്തും; ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ
X

അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റ് മലയാള സിനിമയുടെ റീമേക്കാണ് ഭീംല നായക്. സിനിമയുടെ റിലീസ് നിരവധി തവണ മാറ്റിവെക്കുകയുണ്ടായി. ഇപ്പോഴിതാ ചിത്രം ഫെബ്രുവരിയിൽ അല്ലെങ്കിൽ ഏപ്രിലിൽ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

'ഞങ്ങൾ വാക്ക് നൽകിയത് പോലെ ഭീംല നായക് മികച്ച തിയേറ്റർ അനുഭവം തന്നെയായിരിക്കും. ഈ മഹാമാരി കാലം അവസാനിച്ച ശേഷം ഞങ്ങൾ ചിത്രം തിയേറ്ററുകളിൽ എത്തിക്കും. ഫെബ്രുവരി 25നോ ഏപ്രിൽ ഒന്നിനോ ചിത്രം റിലീസ് ചെയ്യാമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്', അണിയറപ്രവർത്തകർ അറിയിച്ചു.


പവന്‍ കല്ല്യാണാണ് ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്‌സാണ് നിര്‍മ്മിക്കുന്നത്.

2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്‍, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്‌സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.

Next Story