അയ്യപ്പനും കോശിയും ജനുവരി മുതൽ തെലുങ്ക് സംസാരിക്കും; 'ഭീംല നായക്' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ എന്ന കഥാപാത്രത്തെയാണ് പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്.
16 Nov 2021 6:48 AM GMT
ഫിൽമി റിപ്പോർട്ടർ

അയ്യപ്പനും കോശിയും മലയാള സിനിമയുടെ തെലുങ്ക് പതിപ്പ് 'ഭീംല നായകി'ന്റെ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. ജനുവരി 12ന് ചിത്രം എത്തുക. സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായര്‍ എന്ന കഥാപാത്രത്തെയാണ് പവന് കല്യാണ്‍ അവതരിപ്പിക്കുന്നത്. ഗൗരി നന്ദ അവരിപ്പിച്ച കണ്ണമ്മ എന്ന കാഥാപാത്രമായാണ് നിത്യ മേനോന് എത്തുന്നത്.പൃഥ്വിരാജിന്റെ കഥാപാത്രത്തെ തെലുങ്കില്‍ റാണ ദഗുബാട്ടിയാണ് അവതരിപ്പിക്കുന്നത്. സാഗര്‍ കെ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിത്താര എന്റര്‍റ്റെന്‍മെന്റ്സാണ് നിര്‍മ്മിക്കുന്നത്.
2020ലാണ് സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ബിജു മേനോന്, പൃഥ്വിരാജ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സച്ചി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സുദീപ് എലമനം ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചത് ജേക്ക്സ് ബിജോയ് ആണ്. അഞ്ച് കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ ബോക്സ് ഓഫീസ് വരുമാനം 52 കോടിയായിരുന്നു.