ആര്യ ദയാൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു; സൂര്യയുടെ ഉടൻപിറപ്പേയിലൂടെ
ഇമ്മനും ആര്യയെ അവതരിപ്പിക്കുന്നതിലെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
8 Aug 2021 9:59 AM GMT
ഫിൽമി റിപ്പോർട്ടർ

തനതായ ആലാപന ശൈലി കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് ആര്യ ദയാൽ. സൂര്യ നിർമ്മിക്കുന്ന പുതിയ ചിത്രം 'ഉടൻപിറപ്പേ'യിലൂടെ ആര്യ സിനിമ പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. ആര്യ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
സംഗീത സംവിധായകൻ ഡി ഇമ്മൻ ഒരുക്കിയ മെലഡി ആലപിച്ചതായി ആര്യ ദയാൽ പറഞ്ഞു. ഇമ്മനും ആര്യയെ അവതരിപ്പിക്കാനായതിലെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്.
'ഉടൻപിറപ്പേയിലൂടെ ഞാൻ ആദ്യമായി സിനിമയ്ക്കായി പാടി. എന്താണ് പറയേണ്ടത് എന്ന് എനിക്ക് അറിയില്ല. ഇമ്മൻ സറിനായി ഗാനം ആലപിക്കാൻ സാധിച്ചു എന്നത് മികച്ച ഒരു അനുഭവം തന്നെയായിരുന്നു. എനിക്ക് യോജിക്കുന്ന ഒരു ഗാനം ശരിയാകുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം ഒരു വർഷം മുന്നേ ഉറപ്പ് നൽകിയിരുന്നു. അദ്ദേഹം ആ വാക്ക് പാലിച്ചു. എനിക്ക് ചെറിയ പേടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം എനിക്ക് ധൈര്യം പകർന്നു. സ്റ്റുഡിയോയിൽ ഞങ്ങളോടൊപ്പം ജോയിൻ ചെയ്തതിന് ഇറ ശരവണൻ സാറിന് ഏറെ നന്ദി. ധൈര്യം കുറവായതുകൊണ്ടാണ് അങ്ങയ്ക്കൊപ്പം ഒരു ചിത്രം എടുക്കാതിരുന്നത്', ആര്യ ഫത്തേസിബൂക്കിൽ കുറിച്ചു.
2ഡി എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ സൂര്യ നിർമ്മിക്കുന്ന ഉടൻപിറപ്പേയിൽ ജ്യോതികയും ശശികുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇറ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം ഒക്ടോബറിൽ ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങും.
Next Story