കമലിന്റെ 'വിക്രം'; അമിതാഭ് ബച്ചൻ ക്യാമിയോ വേഷത്തിലെത്തുമെന്ന് റിപ്പോർട്ട്
വിക്രമിലെ അമിതാഭ് ബച്ചന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.
24 March 2022 10:08 AM GMT
ഫിൽമി റിപ്പോർട്ടർ

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'വിക്രം'. ഫഹദ് ഫാസിലും വിജയ് സേതുപതിയും ഉൾപ്പടെ വലിയൊരു താരനിര തന്നെ സിനിമയുടെ ഭാഗമകുന്നുണ്ട്. ഇപ്പോഴിതാ അമിതാഭ് ബച്ചൻ സിനിമയിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്തകളാണ് വരുന്നത്.
സിനിമയിൽ അമിതാഭ് ബച്ചൻ ക്യാമിയോ വേഷത്തിലാണ് എത്തുക. സിനിമയ്ക്കായി ഒരു ദിവസം കൊണ്ട് നടൻ തന്റെ ഭാഗങ്ങൾ ചിത്രീകരിച്ചുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുടെ അവസാന ഭാഗങ്ങളിലായിരിക്കും താരം എത്തുക എന്ന് പറയപ്പെടുന്നു. എന്നാൽ വിക്രമിലെ അമിതാഭ് ബച്ചന്റെ വേഷത്തെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല. 1985ൽ റിലീസ് ചെയ്ത 'ഗെരാഫ്താർ' എന്ന സിനിമയിൽ കമലും ബച്ചനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
ജൂൺ മൂന്നിനാണ് വിക്രം റിലീസ് ചെയ്യുന്നത്. മലയാളി സാന്നിധ്യം കൊണ്ടും സമ്പന്നമാണ് സിനിമ. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന് എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ടിലൂടെ' ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'വിക്രം' എന്നാണ് സംവിധായകന് പറഞ്ഞിരുന്നത്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.
story highlights: amitabh bhachan to do a cameo role in kamal hassan lokesh kanakaraj movie vikram