മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ'; ഒടിടി അവകാശം ആമസോൺ പ്രൈം ഏറ്റെടുത്തത് റെക്കോർഡ് തുകയ്ക്ക്
തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
29 April 2022 4:25 PM GMT
ഫിൽമി റിപ്പോർട്ടർ

മണിരത്നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗത്തിന്റെ സ്ട്രീമിങ്ങ് അവകാശം ആമസോൺ പ്രൈമിന്. 125 കോടിക്കാണ് സ്ട്രീമിങ്ങ് അവകാശം വിറ്റുപോയത്. തിയേറ്റർ റിലീസിന് ശേഷമായിരിക്കും ആമസോണിലൂടെ സ്ട്രീമിങ്ങ് ആരംഭിക്കുക.
സെപ്റ്റംബർ 30നാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്യുക. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവലിന്റെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചരിത്ര പ്രാധാന്യമുള്ള ചിത്രത്തില്‍ വലിയ താരനിര തന്നെയുണ്ട്.
ആദിത്യ കരികാലന് എന്നാണ് വിക്രം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴര്‍ എന്ന കഥാപാത്രം ആദ്യം അമിതാബ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. കുന്ധവി എന്നാണ് തൃഷ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ചോഴ രാജകുമാരിയാണ് കുന്ധവി.
എ ആര് റഹ്മാന് സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ്. മഡ്രാസ് ടാക്കീസും, ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'പൊന്നിയിന്‍ സെല്വന്' നിര്‍മ്മിക്കുന്നത്. രാമുജി ഫിലിം സിറ്റിയിലാണ് പൊന്നിയിന്‍ സെല്‍വന്റെ മിക്ക ഭാഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.
story highlights: amazon prime took the digital streaming rights of ponniyin selvan for a record price