വാക്ക് പാലിച്ചു; പുനീതിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അല്ലു അര്ജുന്
നേരത്തെ പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബാംഗളൂരുവില്‍ എത്തുമെന്ന് അല്ലു അര്ജുന് അറിയിച്ചിരുന്നു
3 Feb 2022 2:53 PM GMT
ഫിൽമി റിപ്പോർട്ടർ

അന്തരിച്ച കന്നഡ നടന് പുനീത് രാജ്കുമാറിന്റെ കുടുംബം സന്ദര്‍ശിച്ച് അല്ലു അര്ജുന്. പുനീതിന്റെ ബംഗളൂരു വസതിയില്‍ എത്തിയാണ് അല്ലു അര്ജുന് സന്ദര്‍ശനം നടത്തിയത്. പുനീതിന്റെ മൂത്ത സഹോദരന് ശിവ രാജ്കുമാറുമായും കൂടിക്കാഴ്ച നടത്തി. ചിത്രം പങ്കുവച്ച് താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.
നേരത്തെ പുനീതിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ബംഗളൂരുവില്‍ എത്തുമെന്ന് അല്ലു അര്ജുന് പറഞ്ഞിരുന്നു. 'ഇപ്പോള്‍, ഞാന്‍ സിനിമാ പ്രമോഷനുകള്‍ക്കായി വന്നിരിക്കുന്നു, ഞാന്‍ ഇവിടെയുണ്ട് എന്നതുകൊണ്ട് പുനീത് രാജ്കുമാറിന്റെ കുടുംബത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അദ്ദേഹത്തിന്റെ കുടുംബത്തെ കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും ഞാന്‍ പ്രത്യേകമായി ബംഗളൂരുവിലേക്ക് മടങ്ങും. അത് എന്റെ കടമയാണ്, അദ്ദേഹത്തിന്റെ കുടുംബത്തോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമാണ്' എന്നാണ് അല്ലു അര്ജുന് പറഞ്ഞിരുന്നത്.
അതേസമയം പുനീതിന്റെ അവസാനം ചിത്രം ജെയിംസ് പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ചിത്രം മാര്‍ച്ച് 17ന് തീയേറ്ററുകളില്‍ എത്തും. സിനിമയിലെ പുനീതിന്റെ ഭാഗങ്ങള്‍ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സഹോദരന് ശിവ രാജ്കുമാറാണ്. സിനിമയുടെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കുന്നതിന് മുന്‍പായിരുന്നു പുനീത് വിടവാങ്ങിയത്. തുടര്‍ന്നാണ് ശിവ രാജ്കുമാര് സിനിമയ്ക്ക് ശബ്ദം നല്‍കിയത്. ചിത്രത്തില്‍ ശിവ രാജ്കുമാര് അതിഥി വേഷത്തില്‍ അഭിനയിക്കുന്നുമുണ്ട്.
പുനീതിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഒരാഴ്ച പുതിയ കന്നഡ ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടതില്ലെന്ന് ചലച്ചിത്രപ്രവര്‍ത്തരും വിതരണക്കാരും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 17 മുതല്‍ 23 വരെ ജെയിംസിന്റെ പ്രദര്‍ശനം മാത്രമായിരിക്കും.ചേതന്‍ കുമാറാണ് ആക്ഷന്‍ ചിത്രമായി ഒരുങ്ങുന്ന 'ജെയിംസ്' സംവിധാനം ചെയ്യുന്നത്. പ്രിയ ആനന്ദ്, അനു പ്രഭാകര്‍ മുഖര്‍ജി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.