'സ്വയം അവമതിക്കുന്നതിന് തുല്യമാണിത്'; ബാലകൃഷ്ണയുടെ 'തൊക്കിനേനി' പരാമർശത്തിനെതിരെ നാഗചൈതന്യയും അഖിൽ അക്കിനേനിയും
'വീരസിംഹ റെഡ്ഡി'യുടെ വിജയാഘോഷത്തിനിടെ, വേദിയിൽ ബാലകൃഷ്ണ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്
24 Jan 2023 12:01 PM GMT
ഫിൽമി റിപ്പോർട്ടർ

തെലുങ്കിലെ മുൻകാല സൂപ്പർസ്റ്റാർ അക്കിനേനി നാഗേശ്വര റാവുവിനെക്കുറിച്ച് നടൻ നന്ദമൂരി ബാലകൃഷണ നടത്തിയ പരാമർശത്തിൽ പ്രതികരിച്ച് നടന്മാരായ നാഗചൈതന്യയും അഖിൽ അക്കിനേനിയും. സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇരുവരും ബാലകൃഷ്ണയെ പരോക്ഷമായി വിമർശിക്കുന്നത്. എഎൻആർ എന്നറിയപ്പെടുന്ന നഗേശ്വര റാവുവിന്റെ പേരക്കുട്ടികളാണ് ഇരുവരും.
പുതിയ ചിത്രം 'വീരസിംഹ റെഡ്ഡി'യുടെ വിജയാഘോഷത്തിനിടെ, വേദിയിൽ ബാലകൃഷ്ണ നടത്തിയ പരാമർശമാണ് വിവാദങ്ങൾക്ക് വഴിവച്ചത്. തന്റെ പിതാവ് എൻ ടി രാമറാവുവിനേക്കുറിച്ച് സംസാരിക്കവെ, 'അദ്ദേഹത്തിന് ചില സമകാലീനർ ഉണ്ടായിരുന്നു, രംഗറാവു, അക്കിനേനി, തൊക്കിനേനി അങ്ങനെ ചിലർ' എന്നായിരുന്നു ബാലകൃഷ്ണ പറഞ്ഞത്. ഇതിൽ രംഗറാവു എസ് വി രംഗറാവുവും 'തൊക്കിനേനി' എന്നു പറഞ്ഞത് അക്കിനേനി നാഗേശ്വര റാവുവിനെ കളിയാക്കാനാണെന്നും സോഷ്യൽ മീഡിയയിൽ ചർച്ചകൾ വന്നു. ഇതിന് പിന്നാലെയാണ് നടന്മാരുടെ പ്രതികരണം.
"എൻ ടി രാമറാവു, എസ് വി രംഗറാവു, അക്കിനേനി നാഗേശ്വര റാവു എന്നിവരുടെ സർഗാത്മക സംഭാവനകൾ തെലുങ്ക് സിനിമയ്ക്ക് അഭിമാനവും നെടുംതൂണുകളുമാണ്. അവരെ അപമാനിക്കുന്നത് സ്വയം അവമതിക്കുന്നതിന് തുല്യമാണ്" എന്നാണ് ഇരുവരും ട്വീറ്റ് ചെയ്തത പ്രസ്താവനയിൽ ഉള്ളത്.
നിരവധിപേരാണ് ഇരുവരേയും പിന്തുണച്ച് കമന്റുകളിൽ രംഗത്തുവന്നത്. നാഗേശ്വര റാവുവിന്റെ മകൻ നാഗാർജുനയുടെ മക്കളാണ് നാഗചൈതന്യയും അഖിൽ അക്കിനേനിയും.
Story Highlights: Akhil Akkineni and-Naga Chaitanya on Nandamuri Balakrishnas Thokkineni remark speech