Top

'അജിത്തിന്റെ ഒരു വശം തളര്‍ന്നുപോയേനെ'; 'വലിമൈ' കണ്ട് ബൈക്ക് സ്റ്റണ്ട് നടത്തരുതെന്ന് ഡോക്ടര്‍

ഡ്യൂപ്പില്ലാതെയുള്ള അജിത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്

8 March 2022 7:28 AM GMT
ഫിൽമി റിപ്പോർട്ടർ

അജിത്തിന്റെ ഒരു വശം തളര്‍ന്നുപോയേനെ; വലിമൈ കണ്ട് ബൈക്ക് സ്റ്റണ്ട് നടത്തരുതെന്ന് ഡോക്ടര്‍
X

അജിത് കേന്ദ്രകഥാപാത്രമായി എത്തിയ 'വലിമൈ' വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഡ്യൂപ്പില്ലാതെയുള്ള അജിത്തിന്റെ സ്റ്റണ്ട് രംഗങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരിക്കേറ്റിരുന്നു. അദ്ദേഹം പക്ഷാഘാതത്തിന്റെ വക്കില്‍ പോലും എത്തിയിട്ടുണ്ടെന്ന് അജിത്തിനെ ചികിത്സിച്ച ഡോക്ടറും ഓര്‍ത്തോപീഡിക് സര്‍ജനുമായ നരേഷ് പത്മനാഭന്‍ പറഞ്ഞു. സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് യുവാക്കള്‍ ബൈക്ക് സ്റ്റണ്ട് അനുകരിക്കരുതെന്നും ഡോക്ടര്‍ പറയുന്നു.

'എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയ അടച്ചിട്ട റോഡിലായിരുന്നു അജിത്ത് ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിച്ചത്. ചിത്രീകരണത്തിനിടെ നാലോ അഞ്ചോ തവണ പരിക്കേറ്റിട്ടുണ്ട്. പക്ഷാഘാതത്തിന്റെ വക്കില്‍ എത്തുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. ജീവിതത്തില്‍ വീണുപോയാലും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ കഴിയുമെന്ന സന്ദേശമാണ് ഇതില്‍ നിന്നും ഉള്‍ക്കൊള്ളേണ്ടത്. അല്ലാതെ പൊതുനിരത്തില്‍ സ്റ്റണ്ട് ചെയ്യാനുള്ള ആഹ്വാനമായി ഇതിനെ കാണരുത്'.- നരേഷ് പത്മനാഭന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ അജിത്തിന് ഏറ്റ പരിക്കുകളെക്കുറിച്ചും ഡോക്ടര്‍ വ്യക്തമാക്കുന്നു. ' കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളായി അജിത്തിന്റെ തോള്‍ എല്ലിനും നട്ടെല്ലിനും കാലിനുമെല്ലാം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അജിത്തിന്റെ സെര്‍വിക്കല്‍ നട്ടെല്ലില്‍, നാഡീവ്യവസ്ഥയില്‍ സമ്മര്‍ദ്ദം ചെലുത്തുന്ന നട്ടെല്ലില്‍ നിന്ന് ഒരു അസ്ഥി നീക്കം ചെയ്യേണ്ടി വന്നു. താഴത്തെ മുതുകിന് ഒടിവുണ്ടായി, പക്ഷാഘാതം പിടിപെടാന്‍ സാധ്യതയുള്ള അവസ്ഥയോട് അടുത്തെത്തിയിരുന്നു. ലംബര്‍ ഡിസെക്ടമിയും അദ്ദേഹത്തില്‍ നടത്തിയിട്ടുണ്ട്. കാല്‍മുട്ടിന്റെ രണ്ട് സന്ധികളിലും ലിഗമെന്റ് ടിയര്‍ ഓപ്പറേഷന്‍ നടത്തി. രണ്ട് തോളിലും ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് ബൈസെപ്‌സ് ടെന്‍ഡോണ്‍ ടിയര്‍ സംഭവിച്ചിരുന്നു, ശസ്ത്രക്രിയയിലൂടെ അത് വീണ്ടും ഘടിപ്പിക്കേണ്ടി വന്നു' ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights; Ajith's doctor advised not to imitate bike stunts by watching Valimai movie

Next Story