'കോബ്ര'ക്ക് ശേഷം ചിയാനും അജയ് ജ്ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു
മൂന്ന് വര്‍ഷത്തിലേറെയായി കോബ്രയുടെ വർക്കുകള്‍ പുരോഗമിക്കുകയാണ്
13 May 2022 1:55 AM GMT
ഫിൽമി റിപ്പോർട്ടർ

'കോബ്ര'ക്ക് ശേഷം ചിയാന്‍ വിക്രമും സംവിധായകന് അജയ് ജ്ഞാനമുത്തുവും വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ സബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാ രഞ്ജിത്തിനൊപ്പമുള്ള ചിയാന്റെ ചിത്രം ഉടന്‍ ആരംഭിക്കും. 'ചിയാന്‍ 61' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ജ്ഞാനമുത്തുവിനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷത്തിലേറെയായി കോബ്രയുടെ വർക്കുകള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ജൂണില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 15നാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്.
കോബ്രയില്‍ ഒന്നിലധികം ലുക്കിലായിരിക്കും വിക്രം എത്തുക. വളരെ ബുദ്ധിമാനായ ഗണിതശാസ്ത്രജ്ഞനായും വേഷംമാറിയ ഒരു കലാകാരനായും താരം എത്തും. ഇര്ഫാന് പത്താന് ആണ് ചിത്രത്തിന് അസ്ലാന് യില്‍മാസ് എന്ന വില്ലന്‍ കഥപാത്രത്തെ അവതരിപ്പിക്കുന്നത്.
വിക്രമിനെയും ഇര്ഫാന് പത്താനെയും കൂടാതെ കെ എസ് രവികുമാര്‍, ശ്രീനിധി ഷെട്ടി, മൃണാളിനി, പദ്മപ്രിയ, മലയാളി താരങ്ങളായ മാമുക്കോയ, റോഷന് മാത്യൂസ്, ഹരീഷ് പേരടി തുടങ്ങിയ വന്‍താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ബാബു ആന്റിണിയും ചിത്രത്തിലെ പ്രധാനമായ ഒരു വേഷത്തില്‍ എത്തുന്നു. സെവന് സ്ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ് എസ് ലളിത് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Story Highlights; After Cobra duo Vikram and Ajay Gnanamuthu to reunite