'വയസ് 50 ആയി, ഇനിയെല്ലാം ഒന്നില്‍നിന്ന് പഠിച്ച് തിരിച്ചുവരണം'; മനസുതുറന്ന് കനക
ഒരുഘട്ടത്തില്‍ ക്യാന്‍സര്‍ബാധിതയായ കനിക മരിച്ചു എന്നുവരെ സാമൂഹിക മാധ്യങ്ങളലില് വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു
3 Sep 2021 9:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

അഭിനയരംഗത്തേക്ക് മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ച് തെന്നിന്ത്യന്‍ നടി കനക പങ്കുവച്ച വീഡിയോ ആണ് വൈറലാവുന്നു. രണ്ട് പതിറ്റാണ്ടുകാലം സിനിമാമേഖലയില്‍ നിന്നും അകന്നുനിന്ന ശേഷമാണ് തിരിച്ചുവരവിനെക്കുറിച്ച് താരം മനസുതുറക്കുന്നത്.
മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, മുകേഷ് തുടങ്ങി പ്രമുഖരോടൊപ്പം സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലഭിനയിച്ചിട്ടുള്ള താരം ഗോഡ്ഫാദര്, വിയറ്റ്നാം കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. ഇക്കാലത്ത് തമിഴിലും സജീവമായിരുന്നു താരം പെട്ടെന്നാണ് വെള്ളിത്തിര വിട്ടത്. 2000-ല്‍ പുറത്തുവന്ന കെകെ ഹരിദാസിന്റെ ഈ മഴ തേന്മഴയായിരുന്നു ഒടുവില്‍ അഭിനയിച്ച ചിത്രം.
സിനിമാരംഗത്തുനിന്ന് പിന്മാറിയതിനുശേഷവും കനകയെ സംബന്ധിച്ച നിരവധി വാര്‍ത്തകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തര്‍ക്കമായിരുന്നു വിവാദങ്ങളിലൊന്ന്. അച്ഛന് തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും തന്നില്‍ നിന്ന് അമ്മയെ അകറ്റാന്‍ ശ്രമിക്കുന്നുവെന്നും തുറന്നടിച്ച് കനക തന്നെ രംഗത്തെത്തിയതോടെ താരം വീണ്ടും മലയാളികള്‍ക്കിടയില്‍ ചര്‍ച്ചയായി. ഒരുഘട്ടത്തില്‍ ക്യാന്‍സര്‍ബാധിതയായ കനിക മരിച്ചു എന്നുവരെ സാമൂഹിക മാധ്യങ്ങളലില് വ്യാജ വാര്‍ത്ത പടര്‍ന്നിരുന്നു. അത്തരം അഭ്യൂഹങ്ങള്‍ക്കെല്ലാം മറുപടിയുമായാണ് തന്റെ 50-ാം വയസില്‍ അഭിനയ രംഗത്തേക്ക് തിരിച്ചെത്തണമെന്ന പ്രത്യാശ പങ്കുവയ്ക്കുന്നത്. ഇക്കാലത്തെ രീതികള്‍ പഠിച്ചെടുക്കാന്‍ പഴഞ്ചനായ താന്‍ ബുദ്ധിമുട്ടുമെങ്കിലും ആഗ്രഹമുള്ളിടത്തോളം കാലം ഒന്നും അസാധ്യമല്ലെന്നതാണ് കനകയുടെ ആത്മവിശ്വാസം.