'കക്കൂസ് കഴുകുന്ന ജോലിയും ചെയ്യും'; തെരുവില്‍ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്ന് നടി ഐശ്വര്യ
16 Jun 2022 12:51 PM GMT
ഫിൽമി റിപ്പോർട്ടർ

നരസിംഹം, പ്രജ, നോട്ട് ബുക്ക് തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ ഭാസ്കരന്. സിനിമയ്ക്ക് പുറമെ മലയാളത്തിലും തെലുങ്കിലുമായി സീരിലുകളിലും ശ്രദ്ധേയയായ ഐശ്വര്യ മുന്‍കാല നടി ലക്ഷ്മിയുടെ മകള്‍ കൂടിയാണ്. ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും നിറഞ്ഞാടിയ ഐശ്വര്യയുടെ ഇപ്പോഴത്തെ ജീവിതം അല്‍പ്പം കയ്പ്പേറിയതാണ്. കുടുംബം നോക്കാനായി താരം ഇപ്പോള്‍ തെരുവില്‍ സോപ്പ് വില്‍ക്കുകയാണ്. തമിഴ് ഓണ്‍ലൈന്‍ മാധ്യമമായ ഗലാട്ട തമിഴിന് നല്കിയ അഭിമുഖത്തില്‍ ഐശ്വര്യ തന്നെയാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
'ജോലിയില്ല. സമ്പാദ്യം ഒന്നുമില്ല. തെരുവില്‍ സോപ്പ് വില്ക്കുകയാണിപ്പോള്. കടങ്ങള്‍ ഒന്നുമില്ല. ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. അവളെ വിവാഹം ചെയ്ത് അയച്ചു. ഇതാണ് ജീവിതം. ഈ ചലഞ്ചും ഞാന്‍ ഏറ്റെടുക്കുന്നു. നിങ്ങളുടെ ഓഫീസില്‍ കക്കൂസ് കഴുകുന്ന ജോലി കിട്ടിയാലും അത് ചെയ്ത് അതിനുള്ള പണം വാങ്ങി സന്തോഷത്തോടെ ഞാന്‍ പോകും. അതില്‍ എന്താണ് തെറ്റ്. ഒരു പ്രശ്നവും ഇല്ല. സോപ്പ് വിറ്റ് ഞാന്‍ ജീവിക്കും.
എന്റെ കുടുംബത്തില്‍ മറ്റാരുമില്ല. ഞാന്‍ മാത്രം. ഷൂട്ടിങ് കിട്ടിയാല്‍ നന്നായിരിക്കും. പിച്ചയെടുത്താല്‍ പോലും ക്ഷേത്രത്തില്‍ പോയി എടുക്കാം. അതില്‍ തെറ്റില്ല. കാണുന്നവരുടെയടുത്ത് പോകരുത്. എനിക്കൊരു സാമ്പത്തിക സ്ഥിരതയുണ്ടാകണമെങ്കില് ഒരു മെഗാ സീരിയല്‍ കിട്ടണം. അങ്ങനെയാണ് ഇത്ര വര്‍ഷവും ഞാന്‍ ജീവിച്ചത്. സിനിമ കൊണ്ടല്ല. എന്റെ തകര്‍ച്ച നിങ്ങളാരും കാണില്ല. എന്റെ സന്തോഷം മാത്രമേ നിങ്ങള്‍ക്ക് കാണാന്‍ കഴിയൂ. ഞാന്‍ പബ്ലിക്കില്‍ ചിരിക്കുകയും എന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ കരയുകയും ചെയ്യും. എന്റെ ദൗര്‍ബല്യം മറ്റുള്ളവര്‍ക്ക് ഗുണമാണ്. വരാനുള്ള പണം എങ്ങമെയാണെങ്കിലും വരും.
എന്റെ കുടുംബത്തിന് വേണ്ടിയാണ് പണം ചെലവഴിച്ചത്. മദ്യപാനത്തിലോ, സ്വന്തത്തിനു വേണ്ടിയോ ചെലവഴിച്ചിട്ടില്ല. അഭിനയം ആരംഭിച്ച് മൂന്നു വര്‍ഷത്തിന് ശേഷം വിവാഹം നടന്നു. അതോടെ സിനിമ വിട്ടുപോയി. രണ്ടാം ചാന്‍സില്‍ വന്ന് ഹീറോയിന് ആകാന്‍ എല്ലാവര്ക്കും നയന്‍താരയുടെ ഗ്രാഫ് വരില്ലല്ലോ. സിനിമ കൊണ്ടല്ല, സീരിയല്‍ കൊണ്ടാണ് ജീവിച്ചത്. ഇനിയൊരു മെഗാ സീരിയല്‍ കിട്ടാതെ ജീവിതം ട്രാക്കിലാകില്ല.' ഐശ്വര്യ പറഞ്ഞു.
Story Highlights; Actress Aishwarya Bhaskaran says about financial issues sells soap in street
- TAGS:
- Aishwarya Bhaskaran