Top

'എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്'; ഏത് ആരാധനാലയത്തില്‍ പോകാനും മക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിജയ്

'എനിക്ക് ദൈവ വിശ്വാസമുണ്ട്. ഞാൻ പള്ളിയിലും അമ്പലത്തിലും പോകും'

11 April 2022 12:35 PM GMT
ഫിൽമി റിപ്പോർട്ടർ

എന്റെ അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യാനിയുമാണ്; ഏത് ആരാധനാലയത്തില്‍ പോകാനും മക്കള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിജയ്
X

താൻ ഒരു ദൈവ വിശ്വാസിയാണെന്ന് നടൻ വിജയ്. പള്ളിയിലും അമ്പലത്തിലും ദർഗയിലും പോകും. മാതാപിതാക്കൾ തന്നോട് ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുക എന്ന് പറഞ്ഞിട്ടില്ല. അതിനാൽ തന്നെ തന്റെ മക്കളോടും അത് തന്നെയാണ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. 'ബീസ്റ്റ്' എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി നടന്ന അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'എനിക്ക് ദൈവ വിശ്വാസമുണ്ട്. ഞാൻ പള്ളിയിലും അമ്പലത്തിലും പോകും. കത്തി സിനിമയുടെ ഷൂട്ടിനിടയിൽ അമീൻ പീർ ദർഗാ എന്നൊരു ദർഗയിൽ പോയിരുന്നു. പള്ളിയിൽ പോയാലും അമ്പലത്തിൽ പോയാലും ദർഗയിൽ പോയാലും ഒരേ ദൈവീകത തോന്നും. എന്റെ അമ്മ ഒരു ഹിന്ദുവും അച്ഛൻ ക്രിസ്ത്യാനിയുമാണ്. എന്നോട് ഒരിക്കലും ഇവിടെ പോകണം അല്ലെങ്കിൽ ഇവിടെ പോകണ്ട എന്നൊന്നും പറഞ്ഞിട്ടില്ല. അത് തന്നെയാണ് ഞാൻ എന്റെ മക്കളെയും പഠിപ്പിക്കുന്നത്' വിജയ് പറഞ്ഞു.

രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും നടൻ അഭിമുഖത്തിൽ തന്റെ നിലപാട് വ്യക്തമാക്കി. '30 വർഷം കൊണ്ട് ഒരു സാധാരണ നടനെ ദളപതി ആക്കിയത് ആരാധകരാണ്. തലൈവൻ ആക്കണോ വേണ്ടയോ എന്നതും അവരാണ് തീരുമാനിക്കേണ്ടത്. എനിക്ക് വിജയ് ആയിരിക്കുന്നതാണ് ഇഷ്ടം. അവസ്ഥയ്ക്ക് അനുസരിച്ച് മാറേണ്ടി വന്നാൽ മാറുക തന്നെ ചെയ്യണം', വിജയ് പറഞ്ഞു.

വിജയ്‌യും പിതാവ് എസ് എ ചന്ദ്രശേഖറും തമ്മിൽ ഈ അടുത്ത കാലത്ത് ചില പ്രശ്നങ്ങൾ നടന്നിരുന്നു. പിതാവിനെക്കുറിച്ച് ചോദ്യം വന്നപ്പോൾ 'അച്ഛൻ എന്നാൽ ഒരു മരത്തിന്റെ വേര് പോലെയാണ്. നമ്മൾ അതിലെ പൂക്കൾ മാത്രമേ കാണുന്നുള്ളൂ. എന്നാൽ ആ മരത്തിന് ശക്തി നൽകുന്നത് വേരുകളാണ്. ദൈവവും അച്ഛനും തമ്മിലുള്ള ഒരേയൊരു വ്യത്യാസം എന്തെന്നാൽ ദൈവത്തെ നമുക്ക് കാണാൻ സാധിക്കില്ല. എന്നാൽ അച്ഛനെ നമുക്ക് കാണുവാൻ സാധിക്കും' എന്ന് വിജയ് പറഞ്ഞു.

പത്ത് വർഷങ്ങൾക്ക് ശേഷമാണ് വിജയ് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നത്. എന്തുകൊണ്ടാണ് ഇത്രയധികം നാൾ അഭിമുഖം നൽകാതിരുന്നത് എന്ന ചോദ്യത്തിന്, 'പത്ത് വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം മറ്റൊരു തരത്തിൽ ചർച്ച ചെയ്യപ്പെട്ടു. ഞാൻ പറഞ്ഞ കാര്യങ്ങൾ കുറച്ച് രൂക്ഷമായി പോയി. പിന്നീട് അഭിമുഖങ്ങളിൽ നിന്ന് ഒരു അകലം പാലിക്കാൻ തുടങ്ങി. അങ്ങനെ ഒടുവിൽ പത്ത് വർഷമായി. എനിക്ക് പറയണമെന്ന് തോന്നുന്ന കാര്യങ്ങൾ എല്ലാം കൂട്ടിവെച്ച് ഓഡിയോ ഫങ്ക്ഷനിൽ പറയും. ''എൻ നെഞ്ചിൽ കുടിയിരിക്കും'' എന്ന് ഞാൻ പറയുമ്പോൾ ഒരുപാട് ജനങ്ങളുടെ മനസ്സിൽ ഞാനുണ്ട് എന്ന സന്തോഷമാണ് പങ്കുവെക്കുന്നത്' എന്നാണ് വിജയ് നൽകിയ മറുപടി.

story highlights: actor vijay talks about his relegious beliefs

Next Story