Top

'മലയാളികൾ ഭാഷയ്ക്കപ്പുറം സിനിമയെ സ്നേഹിക്കുന്നവർ'; 'വിക്രം' സ്വീകരിച്ചതിന് നന്ദി അറിയിച്ച് വിജയ് സേതുപതി

ജൂൺ 24 നാണ് മാമനിതൻ തിയേറ്ററുകളിൽ എത്തുന്നത്.

19 Jun 2022 2:13 PM GMT
ഫിൽമി റിപ്പോർട്ടർ

മലയാളികൾ ഭാഷയ്ക്കപ്പുറം സിനിമയെ സ്നേഹിക്കുന്നവർ; വിക്രം സ്വീകരിച്ചതിന് നന്ദി അറിയിച്ച് വിജയ് സേതുപതി
X

മലയാളി പ്രേക്ഷകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് മക്കൾ സെൽവൻ വിജയ് സേതുപതി. പുതിയ തമിഴ് ചിത്രം 'മാമനിതന്റെ' പ്രൊമോഷനായി കൊച്ചിയിൽ എത്തിയപ്പോഴായിരുന്നു കേരളക്കരയുടെ സ്നേഹത്തെക്കുറിച്ച് താരം മനസ്സ് തുറന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങി കമൽ ഹാസൻ നായകനായ 'വിക്രമിൽ' വിജയ് സേതുപതി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിക്രം തിയേറ്ററുകളിൽ വിജയ പ്രദർശനം തുടരേ ആണ് പുതിയ ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നത്.

"കേരളത്തിന്റെ സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്. ഓരോ തവണ കേരളത്തിൽ വരുമ്പോഴും നിങ്ങളുടെ സ്നേഹത്തിന് മുൻപിൽ പകച്ചുപോയിട്ടുണ്ട്. അതിന് മാത്രം ഞാൻ എന്ത് ചെയ്‌തെന്ന് അറിയില്ല. സ്വന്തം നാട്ടിൽ സ്വന്തം നാട്ടുകാരെ കാണുന്നത് പോലുള്ള അനുഭവമാണ് ഇവിടെ വരുമ്പോഴും. വിക്രമിനെ ഏറ്റെടുത്തതിന് നന്ദി. നല്ല ചിത്രങ്ങളെ ഭാഷാ ബേധമില്ലാതെ സ്വീകരിക്കുന്നവരാണ് നിങ്ങൾ. വിക്രം ഏറ്റെടുത്തത് പോലെ തന്നെ മാമനിതനും സ്വീകരിക്കുമെന്ന് കരുതുന്നു" എന്നായിരുന്നു മക്കൾ സെൽവന്റെ വാക്കുകൾ. ജൂൺ 24 നാണ് മാമനിതൻ തിയേറ്ററുകളിൽ എത്തുന്നത്.

സീനു രാമസ്വാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, വൈ എസ് ആർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ യുവൻ ശങ്കർ രാജ, സ്റ്റുഡിയോ 9 എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഗായത്രിയാണ് നായിക. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. ഗുരു സോമസുന്ദരം, അന്തരിച്ച നടി കെ പി എ സി ലളിത എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നയൻതാരയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച 'ഇമൈക്ക നൊടികൾ' എന്ന ചിത്രത്തിലെ ബാലതാരം മനസ്വിനിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

'ധർമദുരൈ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സീനു രാമസ്വാമിയും വിജയ് സേതുപതിയും ഒന്നിക്കുന്ന 'മാമനിതൻ', 'ആർആർആർ', 'ഡോൺ', 'വിക്രം' എന്നിവയുടെ വിതരണക്കാരായ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ തിയേറ്ററുകളിൽ എത്തിക്കുന്നത്. ചിത്രത്തിൻ്റെ പ്രൊമോഷൻ്റെ ഭാഗമായി വിജയ് സേതുപതി, യുവൻ ശങ്കർ, ആർ കെ സുരേഷ്, ഗായത്രി, സീനു രാമസ്വാമി എന്നിവരാണ് കൊച്ചിയിൽ എത്തിയത്.

Story highlights: actor vijay sethupathi thanking malayalees for the success of Vikram movie

Next Story