Top

ദൈര്‍ഘ്യം കൂടുതൽ; 'വലിമൈ' തമിഴ്, ഹിന്ദി പതിപ്പുകൾ വെട്ടിച്ചുരുക്കി

വലിമൈയുടെ ആകെ ദൈര്‍ഘ്യം രണ്ട് മണിക്കൂർ 58 മിനിറ്റുകളാണ്.

26 Feb 2022 10:10 AM GMT
ഫിൽമി റിപ്പോർട്ടർ

ദൈര്‍ഘ്യം കൂടുതൽ; വലിമൈ തമിഴ്, ഹിന്ദി പതിപ്പുകൾ വെട്ടിച്ചുരുക്കി
X

അജിത്ത് നായകനായ ചിത്രം 'വലിമൈ' കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. മികച്ച ഓപ്പണിങ് ആണ് സിനിമയ്ക്ക് എല്ലാ കോണുകളിൽ നിന്നും ലഭിച്ചത്. എന്നാൽ സിനിമയുടെ ദൈര്‍ഘ്യത്തെക്കുറിച്ച് പ്രേക്ഷകരിൽ നിന്നും വലിയ തോതിൽ വിമർശനം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ വലിമൈയുടെ ദൈര്‍ഘ്യം ചുരുക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

തമിഴ്, ഹിന്ദി പതിപ്പുകളുടെ ദൈര്‍ഘ്യമാണ് കുറച്ചിരിക്കുന്നത്. വലിമൈയുടെ ആകെ ദൈര്‍ഘ്യം രണ്ട് മണിക്കൂർ 58 മിനിറ്റുകളാണ്. തമിഴ് പതിപ്പിൽ നിന്നും 12 മിനിറ്റാണ് കുറച്ചിരിക്കുന്നത്. ഹിന്ദി പതിപ്പില്‍ നിന്ന് 15 മിനിറ്റ് വരുന്ന രംഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. ഒപ്പം ഹിന്ദി പതിപ്പില്‍ നിന്ന് അജിത്തിന്‍റെ ഇന്‍ട്രൊഡക്ഷന് ശേഷമുള്ള ഗാനവും നീക്കം ചെയ്തിട്ടുണ്ട്. ഇതോടെ ഹിന്ദി പതിപ്പിന്റെ ആകെ ദൈര്‍ഘ്യം 18 മിനിറ്റ് കുറഞ്ഞു. പുതിയ പതിപ്പുകള്‍ ഇന്നലെ വൈകിട്ട് മുതല്‍ പ്രദര്‍ശനം ആരംഭിച്ചിട്ടുമുണ്ട്.

നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അര്‍ജുന്‍ എന്ന പൊലീസ് ഓഫീസറുടെ റോളിലാണ് അജിത് കുമാര്‍ എത്തുന്നത്. ചെന്നൈ നഗരത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളും അതിനൊരു അറുതി വരുത്താനുള്ള പൊലീസിന്റെ ശ്രമങ്ങളുമാണ് സിനിമ പറയുന്നത്.

കാർ, ബൈക്ക്, ചേസുകൾ, മികച്ച സംഘട്ടന രംഗങ്ങൾ എന്നിവ കൊണ്ട് സമ്പന്നമാണ് സിനിമ. മലയാളത്തില്‍ നിന്ന് ദിനേശ് പ്രഭാകര്‍, പേളി മാണി, ധ്രുവന്‍ എന്നിവരും ചിത്രത്തിലുണ്ട്. ഹുമ ഖുറേഷി, കാര്‍ത്തികേയ, തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം യുവന്‍ ശങ്കര്‍ രാജാ, ഛായാഗ്രാഹണം നീരവ് ഷാ.

Next Story