Top

'അഖണ്ഡ'യ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു

ബോയപ്പെട്ടി ശ്രീനു തന്നെയായിരിക്കും അഖണ്ഡ രണ്ടാം ഭാഗവും സംവിധാനം ചെയ്യുക.

3 Feb 2022 5:06 AM GMT
ഫിൽമി റിപ്പോർട്ടർ

അഖണ്ഡയ്ക്ക് രണ്ടാം ഭാഗം ഒരുങ്ങുന്നു
X

തെലുങ്ക് ബോക്സോഫീസിൽ വലിയ തരംഗം സൃഷ്‌ടിച്ച ചിത്രമാണ് നന്ദമൂരി ബാലകൃഷ്‍ണ നായകനായ 'അഖണ്ഡ'. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.

2023ൽ ചിത്രം ആരംഭിക്കുമെന്ന് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നു. സിനിമയുടെ കഥ അന്തിമ രൂപത്തിൽ എത്തിയിട്ടില്ല. പല തരത്തിലുള്ള ആശയങ്ങൾ ആലോചിക്കുന്നുണ്ട് എന്നും ചിത്രത്തോട് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബോയപ്പെട്ടി ശ്രീനു തന്നെയായിരിക്കും അഖണ്ഡ രണ്ടാം ഭാഗവും സംവിധാനം ചെയ്യുക. ബാലകൃഷ്ണയും ബോയപ്പെട്ടി ശ്രീനുവും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാകും അഖണ്ഡ രണ്ടാം ഭാഗം. നേരത്തെ സിംഹ, ലെജന്റ്, അഖണ്ഡ എന്നീ ചിത്രങ്ങളാണ് ഇരുവരും ചേർന്ന് ഒരുക്കിയത്.

ഡിസംബർ 2ന് തിയേറ്ററുകളിലെത്തിയ അഖണ്ഡ ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധനേടിയിരുന്നു. നന്ദമുറി ബാലകൃഷ്‍ണ ബാലയ്യയുടെ കരിയർ ബെസ്റ്റ് ചിത്രം എന്നാണ് ഈ ചിത്രത്തെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. ഒരു ബാലയ്യ ചിത്രം ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുന്നത് ആദ്യമായാണ്. എന്നാൽ 50 ദിവസം കൊണ്ട് 200 കോടിക്കു മേൽ നേട്ടവും ചിത്രം ഉണ്ടാക്കിയെടുത്തിരുന്നു.

അഖോര സന്യാസിയായ അഖണ്ഡ രുദ്ര സിക്കന്ദർ, മുരളീ കൃഷ്‍ണ എന്നിങ്ങനെ ഇരട്ട വേഷങ്ങളിലാണ് ബാലയ്യ ചിത്രത്തിൽ എത്തുന്നത്. പ്രഗ്യ ജയ്‍സ്വാൾ നായികയായ ചിത്രത്തിൽ ജഗപതി ബാബു, ശ്രീകാന്ത്, നിതിൻ മെഹ്ത, പൂർണ്ണ, അവിനാഷ്, സുബ്ബരാജു, ശ്രാവൺ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Next Story