Top

ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് കോടികൾ കൊയ്ത് 'തോർ'; ബോളിവുഡ് സിനിമകളേക്കാൾ വലിയ കളക്ഷൻ

അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകളേക്കാൾ വേഗതയിലാണ് 'തോർ: ലവ് ആൻഡ് തണ്ടർ' ഇന്ത്യൻ ബോക്സോഫീസിൽ കുതിക്കുന്നത്.

13 July 2022 7:44 AM GMT
ഫിൽമി റിപ്പോർട്ടർ

ഇന്ത്യൻ ബോക്സോഫീസിൽ നിന്ന് കോടികൾ കൊയ്ത് തോർ; ബോളിവുഡ് സിനിമകളേക്കാൾ വലിയ കളക്ഷൻ
X

മാർവൽ സിനിമകൾക്ക് ഇന്ത്യയിൽ വലിയ ആരാധകവൃന്ദം തന്നെയുണ്ട്. 'അവഞ്ചേഴ്‌സ്: എൻഡ് ഗെയിമി'നും 'സ്‌പൈഡർമാൻ: നോ വേ ഹോമി'നുമെല്ലാം വലിയ സ്വീകാര്യതയാണ് രാജ്യത്ത് നിന്നും ലഭിച്ചത്. പതിവ് തെറ്റിക്കാതെ ഇന്ത്യൻ ബോക്സോഫീസിൽ മികച്ച കളക്ഷൻ നേടുകയാണ് 'തോർ: ലവ് ആൻഡ് തണ്ടർ'. ആദ്യ നാല് ദിവസങ്ങൾ കൊണ്ട് ചിത്രം 64.80 കോടിയോളം രൂപ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയിൽ നിന്ന് നേടുന്ന ഏറ്റവും വലിയ കളക്ഷനിൽ അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. കളക്ഷനിൽ അവസാന ദിനങ്ങളിൽ നേരിയ കുറവുണ്ടെങ്കിലും ചിത്രം അധികം വൈകാതെ 100 കോടി കടക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം.

ഇതോടെ 'സ്‌പൈഡർ മാൻ: നോ വേ ഹോമി'നും 'ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസി'നും ശേഷം ഏറ്റവും അധികം കളക്ഷൻ നേടുന്ന സിനിമയാകും 'തോർ'. 217.52 കോടിയാണ് സ്പൈഡർമാന്റെ കളക്ഷൻ. 'ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദി മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസ്' 127.31 കോടിയാണ് നേടിയത്.

അടുത്തിടെ റിലീസ് ചെയ്ത ബോളിവുഡ് സിനിമകളേക്കാൾ വേഗതയിലാണ് 'തോർ: ലവ് ആൻഡ് തണ്ടർ' ഇന്ത്യൻ ബോക്സോഫീസിൽ കുതിക്കുന്നത്. കാർത്തിക് ആര്യൻ നായകനായ 'ഭൂൽ ഭുലയ്യ 2' ആദ്യവാരം 65 കോടി മാത്രമാണ് നേടിയത്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട അക്ഷയ് കുമാറിന്റെ 'സാമ്രാട്ട് പൃഥ്വിരാജി'ന്റെ മൊത്തം കളക്ഷൻ 82.3 കോടി മാത്രമാണ്.

മാർവലിന്റെ തോർ സീരീസിലെ നാലാം ചിത്രമാണ് 'തോർ: ലവ് ആൻഡ് തണ്ടർ'. ക്രിസ് ഹെംസ് വർത്ത്, നതാലി പോർട്ട്മാൻ, ക്രിസ്റ്റിൻ ബെയിൽ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജെയ്മി അലക്സാണ്ടർ, റസൽ ക്രോ എന്നിവരാണ് മറ്റ് താരങ്ങൾ. തൈക വൈറ്റിറ്റിയാണ് ചിത്രം സംവിധാനം ചെയ്തത്. 'അവഞ്ചേഴ്‌സ് എൻഡ് ഗെയിമി'ലെ സംഭവ വികാസങ്ങൾക്ക് ശേഷമുള്ള തോറിന്റെ ജീവിതമാണ് സിനിമയിൽ പറയുന്നത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

story highlights: thor love and thunder getting huge response from indian boxoffice

Next Story