Top

'ബാറ്റ്മാന്‍' റഷ്യയില്‍ റിലീസ് ചെയ്യില്ല; ബഹിഷ്‌കരണവുമായി ഹോളിവുഡ് സ്റ്റുഡിയോകള്‍

വാര്‍ണര്‍ ബ്രദേഴ്‌സും ഡിസ്‌നിയും സോണിയുമാണ് റിലീസ് നിര്‍ത്തിവയ്ക്കുക

1 March 2022 10:19 AM GMT
ഫിൽമി റിപ്പോർട്ടർ

ബാറ്റ്മാന്‍ റഷ്യയില്‍ റിലീസ് ചെയ്യില്ല; ബഹിഷ്‌കരണവുമായി ഹോളിവുഡ് സ്റ്റുഡിയോകള്‍
X

യുക്രൈനിലെ റഷ്യന്‍ അഭിനിവേശം തുടരുന്നതിനിടെ റഷ്യയിലുള്ള സിനിമ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹോളുവുഡ് സ്റ്റുഡിയോസ്. വാര്‍ണര്‍ ബ്രദേഴ്‌സും ഡിസ്‌നിയും സോണിയുമാണ് റിലീസ് നിര്‍ത്തിവയ്ക്കുക. 'ദ ബാറ്റ്മാന്‍', 'ടേണിങ് റെഡ്', 'മോര്‍ബിയസ്' എന്നീ സിനിമകള്‍ റിലീസ് ചെയ്യാനിരിക്കെയാണ് പ്രൊഡക്ഷന്‍ ഹൗസുകള്‍ ഇത് സംബന്ധിച്ച തീരുമാനമറിയിച്ചത്.

പിക്‌സല്‍ ആനിമേഷന്‍ സ്റ്റുഡിയോയുടെ 'ടേണിങ് റെഡ്' മുതല്‍ റഷ്യയില്‍ സിനിമകളുടെ റിലീസുകള്‍ നിര്‍ത്തുകയാണെന്ന് വാള്‍ട്ട് ഡിസ്‌നി അറിയിച്ചു. യുക്രൈനിലെ പ്രകോപനരഹിതമായ അധിനിവേശവും ദാരുണമായ മാനുഷിക പ്രതിസന്ധിയും കണക്കിലെടുത്താണ് തങ്ങള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഡിസ്‌നി വ്യക്തമാക്കി. അഭയാര്‍ത്ഥികള്‍ക്ക് അടിയന്തര സഹായവും മറ്റ് മാനുഷിക സഹായങ്ങളും നല്‍കാന്‍ സര്‍ക്കാരിതര സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഈ പ്രതിസന്ധി വേഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡിസ്‌നി കൂട്ടിച്ചേര്‍ത്തു.

മാര്‍ച്ച് മൂന്നിന് റഷ്യയില്‍ റിലീസ് ചെയ്യാനിരുന്ന മറ്റൊരു സിനിമയായ ദ ബാറ്റ്മാന്‍ റഷ്യയില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാര്‍ണര്‍ മീഡിയ അറിയിച്ചു. യുദ്ധവും അതിനെതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ക്കും അവസാനിക്കാന്‍ കാത്തിരിക്കുകയാണെന്ന് വാര്‍ണര്‍ മീഡിയ വ്യക്തമാക്കി.

ഡിസ്‌നിയുടെയും വാര്‍ണര്‍ മീഡിയയുടെയും പ്രഖ്യാപനത്തിന് പിന്നാലെ സോണിയും എത്തി. 'മോര്‍ബിയസി'ന്റെ ഉള്‍പ്പെടെ റഷ്യയില്‍ പ്ലാന്‍ ചെയ്ത തിയേറ്റർ റിലീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് സോണി വ്യക്തമാക്കി.

Story Highlights; Disney, Warner Bros, sony pausing film releases in Russia over Ukraine invasion

Next Story