Top

ശസ്ത്രക്രിയക്ക് ശേഷം വീണ്ടും സിനിമയിലേക്ക് പ്രകാശ് രാജ്; പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിനായി ഗ്വാളിയാറിലെത്തി താരം

18 Aug 2021 4:33 AM GMT
ഫിൽമി റിപ്പോർട്ടർ

ശസ്ത്രക്രിയക്ക് ശേഷം വീണ്ടും സിനിമയിലേക്ക് പ്രകാശ് രാജ്; പൊന്നിയിന്‍ സെല്‍വന്‍ ഷൂട്ടിനായി ഗ്വാളിയാറിലെത്തി താരം
X



ധനുഷ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ പരിക്ക് പറ്റിയതിന് ശേഷം നടന്‍ പ്രകാശ് രാജ് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം ആദ്യമായി ഷൂട്ടിങ്ങിന് ഒരുങ്ങുകയാണ് താരം ഇപ്പോള്‍. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ ചിത്രീകരണത്തിനായി പോകുന്നു എന്ന വിവരം പ്രകാശ് രാജ് തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

ഗ്വാളിയാറില്‍ ഷൂട്ടിങ്ങിനായി മണിരത്‌നത്തിനും കാര്‍ത്തിക്കുമൊപ്പം എത്തിയ ചിത്രമാണ് താരം പങ്കുവെച്ചത്. 'ജോലിയിലേക്ക് തിരിച്ചെത്തി. ഗ്വാളിയാറില്‍ മണി സാറിനും കാര്‍ത്തിക്കുമൊപ്പം ലാന്റ് ചെയ്തു. പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിനായി ഇനി ഓര്‍ച്ചയിലേക്ക് പോവുകയാണ്' എന്നാണ് താരം ട്വീറ്റ് ചെയ്തത്.

അടുത്തിടെയാണ് ശസ്ത്രക്രിയ കഴിഞ്ഞ വിവരം താരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ഞാന്‍ തിരിച്ചെത്തിയിരിക്കുന്നു. ശസ്ത്രക്രിയ വിജയമായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഗൗരവ റെഡ്ഡിക്ക് നന്ദി. ഒപ്പം തന്നെ എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിക്കുന്നു. ഉടന്‍ തന്നെ ചിത്രീകരണത്തിലേക്ക് തിരിച്ചെത്തും' എന്നാണ് പ്രകാശ് രാജ് കുറിച്ചത്.
പ്രകാശ് രാജ് തന്നെയാണ് പരിക്ക് പറ്റിയ വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 'ചെറുതായി ഒന്ന് വീണു. ഒരു ചെറിയ ഫ്രാക്ക്ച്ചര്‍ സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ഹൈദരാബാദിലെ എന്റെ സുഹൃത്ത് ഡോ. ഗൗരവ റെഡിയുടെ അടുത്തേക്ക് വിദഗ്ദ്ധ ചികിത്സക്കായി പോവുകയാണ്. എനിക്ക് വലിയ പരിക്കൊന്നും സംഭവിച്ചിട്ടില്ല. എങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഉള്‍പ്പെടുത്തണം.' എന്നായിരുന്നു താരത്തിന്റെ ട്വീറ്റ്.
Next Story