Top

'ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്'; ആര്യന് പിന്തുണയുമായി ഹൃത്വിക് റോഷന്‍

തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന കത്തെഴുതിയാണ് താരം ആര്യന് പിന്തുണയറിയിച്ചത്

7 Oct 2021 9:29 AM GMT
ഫിൽമി റിപ്പോർട്ടർ

ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്; ആര്യന് പിന്തുണയുമായി ഹൃത്വിക് റോഷന്‍
X

ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണയുമായി നടന്‍ ഹൃത്വിക് റോഷന്‍. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന കത്തെഴുതിയാണ് താരം ആര്യന് പിന്തുണയറിയിച്ചത്. കുട്ടിയായിരുന്നപ്പോള്‍ മുതല്‍ ആര്യനെ അറിയാമെന്നും ഇപ്പോഴുള്ള പ്രതിസന്ധികള്‍ നല്ല വഴിവിളക്കാണെന്നും മോശം അനുഭവങ്ങളെ തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കണമെന്നും ഹൃത്വിക് കത്തില്‍ പറയുന്നു.

ഹൃത്വിക് റോഷന്‍ പറഞ്ഞത്: ''പ്രിയപ്പെട്ട ആര്യന്‍, ജീവിതം വിചിത്രമായ ഒരു യാത്രയാണ്. അപ്രതീക്ഷിത സംഭവങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ് അത് ഗംഭീരമാകുന്നത്. ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്ക് നേരയെ എറിയൂ. ഇത്രയും ബഹളങ്ങള്‍ക്കിടയില്‍ സ്വയം പിടിച്ചു നില്‍ക്കാനുള്ള സമ്മര്‍ദം എനിക്ക് മനസിലാകും. ദേഷ്യം, ആശയക്കഴപ്പം എന്നിവ നിന്റെ ഉള്ളിലെ നായകനെ പുകച്ച് പുറത്ത് ചാടിക്കാനുള്ള ചേരുവകകളാണ്. പിഴവുകള്‍ പരാജയങ്ങള്‍, വിജയങ്ങള്‍ എന്താണ് കൊള്ളേണ്ടത് എന്താണ് തള്ളേണ്ടതെന്ന് മനസിലാക്കാന്‍ നിന്നെ സഹായിക്കും. നിന്റെ വളര്‍ച്ചയില്‍ ഇതൊക്കെ ഗുണകരമായിരിക്കുമെന്ന് മനസിലാക്കുക.''

''ഒരു കുട്ടിയായിരുന്നപ്പോഴും വലുതായപ്പോഴും എനിക്ക് നിന്നെയറിയാം. എല്ലാ അനുഭവങ്ങളും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. ഈ നിമിഷങ്ങളാണ് നിന്റെ ഭാവിയെ നിര്‍വചിക്കുക. ആ ഭാവി പ്രകാശത്തിന്റെതാണ്. പക്ഷേ അവിടെയെത്താന്‍ ഇരുട്ടിലൂടെ കടന്നു പോകണമെന്ന് മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെ തന്നെയുണ്ട്.''

അതേസമയം, ആര്യന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കോടതിയില്‍ ഹജരാകുന്ന ആര്യന്റന് അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ മറ്റൊരു ജാമ്യാപേക്ഷ കൂടി ഇന്ന് സമര്‍പ്പിക്കും. ആര്യനൊപ്പം അറസ്റ്റിലായ 8 പേരെയും കോടതിയില്‍ ഹാജരാക്കും.



Next Story