മകന് കഴിക്കാൻ ബർഗറുമായെത്തി ഗൗരി ഖാൻ; പറ്റില്ലെന്ന് എൻസിബി
ആഡംബര ജീവിതം മാത്രം നയിച്ച ആര്യനും സുഹൃത്തുക്കളും എങ്ങനെ കസ്റ്റഡിയിൽ കഴിയുമെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബം
6 Oct 2021 7:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മയക്കു മരുന്ന് കേസിൽ കസ്റ്റഡിയിൽ കഴിയുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ കാണാൻ അമ്മ ഗൗരി ഖാൻ എത്തിയത് വിലകൂടിയ ബർഗറുകളുമായി. എന്നാൽ സുരക്ഷാ വിഷയം ചൂണ്ടിക്കാട്ടി മകന് ബർഗർ നൽകാനാവില്ലെന്ന് എൻസിബി വ്യക്തമാക്കി. സമാനമായി ആര്യനൊപ്പം അറസ്റ്റിലായ സുഹൃത്തുക്കൾ വീട്ടുകാർ ഭക്ഷണം കൊണ്ടു വരുന്നതും എൻസിബി വിലക്കി. ആഡംബര ജീവിതം മാത്രം നയിച്ച ആര്യനും സുഹൃത്തുക്കളും എങ്ങനെ കസ്റ്റഡിയിൽ കഴിയുമെന്ന ആശങ്കയിലാണ് ഇവരുടെ കുടുംബം. ആര്യനെ പിന്തുണച്ച് നിരവധി ബോളിവുഡ് താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മൂന്ന് ദിവസമായി വസ്ത്രം പോലും മാറാതെയാണ് പ്രതികൾ കസ്റ്റഡിയിൽ കഴിയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ആര്യൻ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. കസ്റ്റഡിയിലിരിക്കെ വായിക്കാൻ സയൻസ് പുസ്തകങ്ങളാണ് ആര്യൻ ആവശ്യപ്പെട്ടത്. ഈ പുസ്തകങ്ങൾ എൻസിബി നൽകുകയും ചെയ്തു. അന്വേഷണത്തോട് ആര്യൻ പൂർണമായും സഹകരിക്കുണ്ടെന്നാണ് എൻസിബി വൃത്തങ്ങൾ പറയുന്നത്. എൻസിബി ആസ്ഥാനത്തിനു സമീപമുള്ള നാഷണൽ ഹിന്ദു റെസ്റ്റോറന്റിൽ വെച്ചാണ് ആര്യനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട പ്രതികൾക്കും ഭക്ഷണം നൽകുന്നത്. ഇവരുടെയല്ലാവരുടെയും മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം മുംബൈയിലെ ആഡംബര കപ്പലില്‍ നടന്ന പാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് ബ്യൂറോ നടത്തിയ പരിശോധനയിലാണ് ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനുള്‍പ്പെടെ 9 പേര്‍ അറസ്റ്റിലായത്. ആര്യന്‍ ഖാന്റെ ലെന്‍സ് കെയിസിലും കപ്പലിലെ മെഡിസിന്‍ ബോക്‌സില്‍ നിന്നും കപ്പലിലുണ്ടായിരുന്ന സാനിറ്ററി പാഡുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍. എംഡിഎംഎ, കൊക്കെയ്ന്‍ തുടങ്ങിയ ലഹരി മരുന്നുകളാണ് റെയ്ഡില്‍ പിടിച്ചെടുത്തത്.
കപ്പലില്‍ റേവ് പാര്‍ട്ടി നടത്താന്‍ നിശ്ചയിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ യാത്രക്കാരുടെ വേഷത്തിലാണ് കപ്പലില്‍ കയറിയത്. കപ്പല്‍ മുംബൈ തീരം വിട്ട് നടുക്കടലില്‍ എത്തിയതോടെയാണ് പാര്‍ട്ടി ആരംഭിച്ചതും പിന്നാലെ റെയ്ഡ് നടന്നതും.
- TAGS:
- Aryan Khan
- Sharukh Khan
- NCB