'30 കോടി നേടിയാൽ 100 കോടി പോലെ'; ബെൽബോട്ടം റിലീസിനെക്കുറിച്ച് അക്ഷയ് കുമാർ
ഈ അവസ്ഥയിൽ 30 കോടി കളക്ഷൻ നേടിയാൽ 100 കോടി പോലെയാണ്. അതുപോലെ 50 കോടി നേടിയാൽ 150 കോടി നേടിയത് പോലെയുമാണ്.
18 Aug 2021 10:59 AM GMT
ഫിൽമി റിപ്പോർട്ടർ

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം ബെൽബോട്ടം നാളെ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കൊവിഡ് പ്രതിസന്ധിക്കിടയിൽ ഒരു സിനിമ റിലീസ് ചെയ്യുമ്പോൾ അതിന് 30 കോടി കളക്ഷൻ ലഭിച്ചാൽ പോലും 100 കോടിക്ക് തുല്യമാണെന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ തിയേറ്ററുകളിൽ 50 ശതമാനം മാത്രമാണ് പ്രവേശനം. ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതിനാൽ ലഭിക്കുന്ന വരുമാനം കുറവായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സ്പോട്ട്ബോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അക്ഷയ് കുമാർ ഇക്കാര്യം പറഞ്ഞത്.
മഹാരാഷ്ട്രയിൽ നിന്നുമാണ് ബോളിവുഡ് ചിത്രങ്ങളുടെ അഖിലേന്ത്യാ കളക്ഷന്റെ 30 ശതമാനം. ബാക്കി 70 ശതമാനം മാത്രമാണ് എനിക്ക് ലഭിക്കുക.അതുപോലെ തിയേറ്ററുകളിൽ 50 ശതമാനം സീറ്റുകളില്‍ മാത്രമാണ് പ്രവേശനം. അതായത് പ്രേക്ഷകരുടെ എണ്ണം 35 ശതമാനമായി കുറഞ്ഞു. ഈ 35ൽ അഞ്ച് മുതൽ എട്ട് വരെ മാത്രമേ കളക്ഷൻ ലഭിക്കൂ. കാരണം ഹൗസ്‍ഫുള്‍ പ്രദര്‍ശനങ്ങളൊന്നും നടക്കാന്‍ സാധ്യതയില്ല എന്നതുതന്നെ. ഈ അവസ്ഥയിൽ 30 കോടി കളക്ഷൻ നേടിയാൽ 100 കോടി പോലെയാണ്. അതുപോലെ 50 കോടി നേടിയാൽ 150 കോടി നേടിയത് പോലെയുമാണ്, അക്ഷയ് കുമാർ പറഞ്ഞു.
എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന, സ്പൈ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ബെല്‍ബോട്ടം. റോ ഏജന്റിന്റെ വേഷത്തിലായിരിക്കും അക്ഷയ്കുമാര്‍ എത്തുക. രഞ്ജിത് എം തിവാരിയാണ് സംവിധാനം.വാണി കപൂര്‍ നായികയാവുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയും ലാറ ദത്തയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡെന്‍സില്‍ സ്‍മിത്ത്, അനിരുദ്ധ ദവെ, ആദില്‍ ഹുസൈന്‍, തലൈവാസല്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.
രാജീവ് രവിയാണ് ക്യാമറ ചലിപ്പിക്കുന്നത്. അസീം അറോറ, പര്‍വേസ് ഷെയ്ഖ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. സംഗീതം തനിഷ്‍ക് ബാഗ്ച്ചി. പൂജ എന്‍റര്‍ടെയ്‍ന്‍മെന്‍റ്, എമ്മെ എന്‍റര്‍ടെയ്‍ന്‍മെന്‍റ് എന്നീ ബാനറുകളില്‍ വഷു ഭഗ്‍നാനി, ജാക്കി ഭഗ്‍നാനി, ദീപ്‍ശിഖ ദേശ്‍മുഖ്, മോനിഷ അദ്വാനി, മധു ഭോജ്‍വാനി, നിഖില്‍ അദ്വാനി എന്നിവരാണ് നിര്‍മ്മാണം.
- TAGS:
- Akshay Kumar
- bellbottom