കൊടകര കുഴല്‍പ്പണ കവര്‍ച്ചാകേസ്: കൂടുതല്‍ പണം കണ്ണൂരില്‍ നിന്നും പിടികൂടി

കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ കൂടുതല്‍ കവര്‍ച്ച പണം പൊലീസ് പിടികൂടി. കണ്ണൂരില്‍ നടത്തിയ പരിശോധനയിലാണ് രൂപ കണ്ടെടുത്തത്. കണ്ണൂര്‍ ജില്ലയില്‍ പ്രതികളുമായി ബന്ധപ്പെട്ട വീടുകളിലും കെട്ടിടങ്ങളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇത്തരത്തിലാണ് ഏഴ് ലക്ഷം രൂപ കണ്ടെടുക്കാന്‍ പൊലീസിനായത്. കുഴല്‍പ്പണ കവര്‍ച്ചാ കേസിലെ പ്രതികളായ ബഷീര്‍, റൗഫ്, സജീഷ് എന്നിവരെ ജയിലില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്.

കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപയില്‍ ഇപ്പോള്‍ ഏകദേശം ഒന്നരക്കോടിയോളം രൂപ കണ്ടെടുത്തെന്നാണ് പൊലീസ് പറയുന്നത്. പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും മാത്രമായി ഏകദേശം 70 ലക്ഷത്തിനടുത്ത് രൂപയുടെ ഇടപാടുകള്‍ നടന്നെന്നും വിവരമുണ്ട്. ഇനി രണ്ട് കോടിയ്ക്കടുത്തുവരുന്ന കവര്‍ച്ച പണം പൊലീസിന് കണ്ടെത്താനുണ്ട്. ഇതിനായി കണ്ണൂരിലും കോഴിക്കോടും ഇന്നും പൊലീസ് പരിശോധന തുടരും.

ഇതിനിടെ കൊടകര കുഴല്‍പണ കേസില്‍ ഒളിവില്‍ കഴിയുന്ന സിപിഐഎം പ്രവര്‍ത്തകന്‍ ഷിഗില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഭിഭാഷകന്‍ മഹേഷ് വര്‍മ വഴി തൃശ്ശൂര്‍ ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. കേസിലേക്ക് തന്നെ മനപൂര്‍വ്വം വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ജാമ്യാപേക്ഷയിലെ വാദം. കേസിലെ പതിനഞ്ചാം പ്രതിയായ ഷിഗില്‍ കണ്ണൂര്‍ കല്യാശ്ശേരി സ്വദേശിയാണ്. കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഷിഗിലിന് നല്‍കിയെന്ന പ്രതികളില്‍ ഒരാളുടെ മൊഴി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷിഗില്‍ ഒളിവില്‍ കഴിയുന്നത് കര്‍ണ്ണാടകയിലാണെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണസംഘം കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു എന്നായിരുന്നു നേരത്തെ ലഭിച്ച വിവരം. മൂന്ന് യുവാക്കള്‍ക്കൊപ്പമാണ് പ്രതിയുടെ യാത്രയെന്നും ഹോട്ടലുകള്‍ ഒഴിവാക്കി ആശ്രമങ്ങള്‍ കേന്ദ്രീകരിച്ചാണ് താമസമെന്നുമാണ് പൊലീസ് കണ്ടെത്തിയത്.

Covid 19 updates

Latest News