മോഹൻലാൽ പ്രഭാസിന്റെ ഗോഡ്ഫാദർ ആകുമോ? ഒരുങ്ങുന്നത് ബ്രഹ്മാണ്ഡ ചിത്രം

തെലുങ്ക് താരം പ്രഭാസും കെ ജി എഫ് സംവിധായകന്‍ പ്രശാന്തും ഒന്നിക്കുന്ന പുതിയ ചിത്രമായ ‘സലാറില്‍’ മോഹന്‍ലാല്‍ അഭിനയിക്കുന്നതായി അഭ്യൂഹങ്ങള്‍. ചിത്രത്തില്‍ പ്രഭാസിന്റെ ഗോഡ്ഫാദറിന്റെ വേഷത്തിലായിരിക്കും മോഹന്‍ലാല്‍ എത്തുകയെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത.

ചിത്രത്തില്‍ പ്രഭാസിനൊപ്പം തന്നെ നില്‍ക്കുന്ന വേഷമായിരിക്കും മോഹന്‍ലാല്‍ ചെയ്യുകയെന്നും ചിത്രത്തിനായി 20 കോടിയാണ് പ്രതിഫല തുക വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതായും തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ നിന്ന് ഔദ്യോഗികമായ വിവരങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

നേരത്തെ ജൂനിയര്‍ എന്‍ടിആറിനൊപ്പം 2016ല്‍ ജനത ഗാരേജ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ചിത്രം ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നുമായിരുന്നു. ചിത്രത്തിലെ പ്രകടനത്തിലൂടെ മോഹന്‍ലാല്‍ ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.

അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്ത കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്‌മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷാ ഇന്ത്യന്‍ ചിത്രമാണ് സലാർ. കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ ചിത്രീകരണം പൂര്‍ത്തിയാകാനിരിക്കെയാണ് പ്രശാന്ത് നീലിനൊപ്പം മൂന്നാമത്തെ ചിത്രവും വിജയ് കിരാഗന്ദൂറിന്റെ ഉടമസ്ഥതയിലുള്ള ഹോംബാലെ ഫിലിംസ് പ്രഖ്യാപിച്ചത്. പ്രഭാസിന്റെ ചിത്രീകരണം നടക്കുന്ന രാധേ ശ്യാമിന് ശേഷം സലാർ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. 

Covid 19 updates

Latest News