‘സംഘട്ടനരംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുമ്പോള്‍ സൂക്ഷിക്കണം’; ജയന്‍ നല്‍കിയ ഉപദേശം ഓർത്ത് മോഹന്‍ലാല്‍

മലയാളത്തിന്റെ ആദ്യ ആക്ഷന്‍ ഹീറോ ഇതിഹാസമായ ജയന്‍ വിടപറഞ്ഞിട്ട് 40 വര്‍ഷം പിന്നിടുന്നു. ജയനുമായി അഭിനയിച്ച അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. മാതൃഭൂമി സ്റ്റാര്‍ ആന്റ് സ്‌റ്റൈല്‍ ജയന്‍ സ്‌പെഷ്യല്‍ എഡിഷന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ജയനുമായുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

എന്റെ കോളേജ് സമയത്ത് നസീര്‍ സാറും, മധു സാറുമാണ് ഹീറോകള്‍. ഞാന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കുന്ന സമയത്ത് ഏറ്റവും താരമൂല്യമുള്ള നടനായി ജയന്‍ മാറി. എന്റെ രണ്ടാമത്തെ ചിത്രമായ ‘സഞ്ചാരിയില്‍’ ജയന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചു. അതില്‍ നസീറും ജയനുമായിരുന്നു നായകന്‍മാര്‍. ഞാന്‍ വില്ലനായിരുന്നു.’ – മോഹന്‍ലാല്‍ പറഞ്ഞു

ചിത്രത്തില്‍ താനും ജയനും ഒരുമിച്ചുള്ള സംഘട്ടന രംഗങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയില്‍ അദ്ദേഹം തന്നോട് സംഘട്ടനരംഗങ്ങള്‍ ഡ്യൂപ്പില്ലാതെ ചെയ്യുമ്പോള്‍ സൂക്ഷിക്കണമെന്ന ഉപദേശം നല്‍കിയിരുന്നു. ആ ഉപദേശം താന്‍ ഇന്നും ഓര്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.

സഞാരി സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ജയനെ കാണാന്‍ അദ്ദേഹത്തിന്റെ സഹോദരനും ഭാര്യയും വന്നിരുന്നു. അന്ന് നസീര്‍ സറിനും തിക്കുറിശ്ശി സാറിനും അവരെ പരിചയപ്പെടുത്തുന്നതിനിടയില്‍ അദ്ദേഹം എന്നെ ചൂണ്ടി പറഞ്ഞു. ‘പുതുമുഖമാണ്, മോഹന്‍ലാല്‍. ഈ ചിത്രത്തിലെ വില്ലന്‍. നന്നായി അഭിനയിക്കുന്നുണ്ട്. വളര്‍ന്നുവരും’. ആവാക്കുകള്‍ പുതുമുഖമായ തനിക്ക് വളരെയധികം ആത്മവിശ്വാസമുണ്ടാക്കിയെന്നും
താരം പറഞ്ഞു.

ചിത്രീകരണം കഴിഞ്ഞ് പോകുമ്പോള്‍ ‘മോനെ കാണാം’ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് പുതിയ ചിത്രത്തില്‍ താന്‍ അഭിനയിക്കുമ്പോഴാണ് ജയന്‍ കോളിളക്കത്തിന്റെ സെറ്റില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുവെന്നറിഞ്ഞത്. കേരളമാകെ തകര്‍ന്നുപോയി ആ വാര്‍ത്ത കേട്ട്. അദ്ദേഹത്തിന്റെ മരണ ശേഷം ബാലന്‍ കെ നായരോടൊപ്പം കൊല്ലത്തെ ജയന്റെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ അമ്മയെയും സഹോദരനെയും കണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Covid 19 updates

Latest News