‘ബറോസിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്’; പ്രേക്ഷരുടെ അനുഗ്രഹം ഒപ്പമുണ്ടാകണമെന്ന് മോഹൻലാൽ

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം ആരംഭിക്കുന്നു. മാർച്ച് 24നാണ് ചിത്രം ആരംഭിക്കുന്നത്. താരം തന്നെയാണ് ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ചത്. എല്ലാ പ്രേക്ഷകരുടെയും പ്രാർത്ഥനകളും അനുഗ്രഹവും ഒപ്പമുണ്ടാകണമെന്നും മോഹൻലാൽ ആവശ്യപ്പെട്ടു.

ജീവിതവഴി താരയിലെ വിസ്മയ വഴിച്ചാർത്തുകളിൽ സ്വയം അറിയാതെ നടനായി നിർമ്മാതാവായി സിനിമ തന്നെ ജീവനായി ജീവിതമായി. ഇപ്പോഴിതാ ആകസ്മികമായി മറ്റൊരു വിസ്മയത്തിന്റെ തിരനോട്ടം കുറിക്കുന്നു. 24ന് ചിത്രീകരണം ആരംഭിക്കുന്ന ബറോസ് എന്ന ത്രിമാന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ് ഞാൻ. ഈ നിയോഗത്തിലും എനിക്ക് തിര ജീവിതം തന്ന നവോദയയുടെ ആശിർവാദവും സാമീപ്യവും കൂടെയുണ്ടെന്നത് ഈശ്വരാനുഗ്രഹം. ബറോസിനൊപ്പമുള്ള തുടർ യാത്രയിലും അനുഗ്രഹമായി നിങ്ങൾ ഓരോരുത്തരും ഒപ്പം ഉണ്ടാകണമെന്ന് മാത്രം ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

മോഹൻലാൽ

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ടിന്റെ ചിത്രീകരണത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബറോസിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ചെന്നൈയിലേക്ക് പോയത്. ബാറോസിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം മറ്റു ചിത്രങ്ങളില്‍ അഭിനയിക്കണം എന്ന് പലരും ആവശ്യപെട്ടിട്ടുണ്ടെങ്കില്‍ താരത്തില്‍ നിന്ന് മറുപടി ഒന്നും ലഭിച്ചിട്ടില്ല.

ബറോസ് ഒരു പീരീഡ് ചിത്രമായിരിക്കുമെന്നും ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്നും മോഹന്‍ലാല്‍ ക്വിന്റിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനാല്‍ തന്നെ എല്ലാ സ്വാതന്ത്ര്യവും ലഭിച്ചു. ഈ ഒരു ചിത്രം ഞാന്‍ ഒന്ന് ശ്രമിച്ചു നോക്കുകയാണ്’, താരം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ താനൊറ്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Covid 19 updates

Latest News