Filmi Reporter

വീണ്ടും ചുവന്ന ഷര്‍ട്ട്, കൂളിങ് ഗ്ലാസ്; നെയ്യാറ്റിന്‍കര ഗോപന്റെ ഫസ്റ്റ് ലുക്കുമായി മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ പുതിയ ചിത്രമായ ‘ആറാട്ടിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മോഹന്‍ലാലന്‍ ഫേസ്ബുക്കിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തില്‍ നെയ്യാറ്റിന്‍കര ഗോപന്‍ എന്നാണ് മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് മുതല്‍ ‘ആറാട്ടിലെ’ താരത്തിന്റെ ലുക്ക് കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണനാണ് ‘ആറാട്ടിന്റെ’ സംവിധായകന്‍. ‘ദൃശ്യം 2’ന് ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Aaraattu First Look Poster

Posted by Mohanlal on Saturday, 5 December 2020

ഉദയ കൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘ആറാട്ടിന്റെ’ ചിത്രീകരണം പലാക്കാട് പുരോഗമിക്കുകയാണ്. കോമഡിക്ക് പ്രാധാന്യം നല്‍കുന്ന ഒരു ആക്ഷന്‍ ഡ്രാമയാണ് ചിത്രം. ഒരു തികഞ്ഞ മാസ് മസാല പടമായിരിക്കും ‘ആറാട്ടെന്ന്’ ബി ഉണ്ണികൃഷ്ണന്‍ അറിയിച്ചിരുന്നു. നെയ്യാറ്റിന്‍കര ഗോപന്‍ ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് കഥ മുന്നോട്ട് കൊണ്ടുപോകുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രം കറുത്ത ബെന്‍സ് കാറാണ് ഉപയോഗിക്കുന്നത്. ‘രാജാവിന്റെ മകന്‍’ എന്ന മാസ് മോഹന്‍ലാല്‍ ചിത്രത്തിലെ ‘മൈ ഫോണ്‍നമ്പര്‍ ഈസ് 2255’ എന്ന ഡയലോഗ് ഓര്‍മ്മിപ്പിക്കുന്നതിന് കാറിനും അതേ നമ്പറാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്.

വിജയ് ഉലകനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റര്‍ സമീര്‍ മുഹമ്മദാണ്. രാഹുല്‍ രാജ് സംഗീതം നല്‍കും. ജോസഫ് നെല്ലിക്കല്‍ കലാ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യറാണ്. ശ്രദ്ധ ശ്രീനാഥാണ് ‘ആറാട്ടില്‍’ മോഹന്‍ലാലിന്റെ നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. പലക്കാടിന് പുറമെ ഹൈദ്രബാദാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ലൊക്കേഷന്‍.

Covid 19 updates

Latest News