‘അന്ന് ഓഡീഷന് ഫോട്ടോ അയച്ചു, ഇന്ന് അവരുടെ സിനിമ സംവിധാനം ചെയ്യുന്നു’; ഭാഗ്യമെന്നത് ഒരവസ്ഥയാണെന്ന് മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന് ഇന്ന് തുടക്കം കുറിക്കുന്നു. ചിത്രത്തിന്റെ പൂജ ചടങ്ങ് കൊച്ചിയിലെ നവോദയ സ്റ്റുഡിയോയില്‍ വെച്ചാണ് നടക്കുന്നത്. മമ്മൂട്ടി, പ്രിയദര്‍ശന്‍, സിബി മലയില്‍, ഫാസില്‍, ദിലീപ്, പൃഥ്വിരാജ്, ലാല്‍, സിദ്ദിഖ് എന്നിവരും ചടങ്ങില്‍ സന്നദ്ധരാണ്. മോഹന്‍ലാലാണ് ആദ്യമായി ദീപം കൊളുത്തി പൂജയ്ക്ക് തുടക്കം കുറിച്ചത്. ശേഷം ജിജോയും ആന്റണി പെരുമ്പാവൂരും ദീപം തെളിച്ചു.

പൂജ വേളയില്‍ തന്റെ 43 വര്‍ഷത്തെ സിനിമ ജീവിതത്തെ കുറിച്ച് മോഹന്‍ലാല്‍ സംസാരിച്ചു. തന്റെ സിനിമ ജീവിതം 43 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബര്‍ 3-ാം തീയതിയാണ് തുടങ്ങുന്നത്. തിരനോട്ടം എന്നായിരുന്നു ആ സിനിമയുടെ പേര്. അങ്ങനെയൊരു സിനിമ എന്തിനെടുത്തു, അഭിനയിച്ചു എന്നതിന് ഉത്തരമില്ല. പക്ഷെ അതിനുള്ള ഉത്തരമായിരിക്കാം ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കുന്നത്. ശേഷം നവോദയുടെ ഓഡീഷന് ചിത്രങ്ങള്‍ അയച്ചു. അന്ന് തന്നെ ആദ്യമായി അഭിനയിപ്പിച്ച് നോക്കിയ ആള്‍ക്കാരാണ് ജിജോ സര്‍, പാച്ചിക്ക എന്നിവര്‍. ഇപ്പോള്‍ നവോദയക്ക് വേണ്ടി ബറോസ് സംവിധാനം ചെയ്യുന്നു. ഭാഗ്യം തനിക്ക് വെറും വാക്കല്ല, അവസ്ഥായാണെന്നും മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

‘സിനിമ എന്ന മഹത്തായ കലയ്ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കിയ വലിയൊരു സദസിന്റെ മുമ്പിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. അത്തരം ഒരു വേദിയില്‍ നിന്ന് അവരോട് സംവദിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു. മരക്കാറിന്റെ വിജയത്തിന് ആന്റണിക്കും പ്രിയദര്‍ശനും ആശംസകള്‍ നേരുന്നു. ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കാണുന്നു. ഭാഗ്യം എന്ന് പറയുന്നത് എന്നെ സംബന്ധിച്ചെടുത്തോളം ഒരു വാക്കല്ല ഒരു അവസ്ഥയാണ്. ആ അവസ്ഥയിലൂടെ ഒരുപാട് സഞ്ചരിക്കാന്‍ കഴിഞ്ഞ ആളാണ് ഞാന്‍. അതെടുത്ത് പറയാന്‍ കാരണം ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴാണ് എനിക്ക് ബെസ്റ്റ് ആക്ടര്‍ കിട്ടുന്നത്. അന്ന വരെ പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്കെ ബെസ്റ്റ് ആക്റ്റര്‍ ലഭിച്ചിരുന്നുള്ളു. അത് സംവിധാനം ചെയ്ത മണിയന്‍ പിള്ള രാജു എന്ന സുധീര്‍ കുമാര്‍ അദ്ദേഹത്തിന് സുഖമില്ലാത്തതിനാല്‍ ഇന്ന് വരാന്‍ കഴിഞ്ഞില്ല.

പക്ഷെ എന്റെ സിനിമ ജീവിതം 43 വര്‍ഷം മുമ്പ് ഒരു സെപ്റ്റംബര്‍ 3-ാം തീയതിയാണ് തുടങ്ങുന്നത്. തിരനോട്ടം എന്നായിരുന്നു ആ സിനിമയുടെ പേര്. അങ്ങനെയൊരു സിനിമ എന്തിനെടുത്തു, അഭിനയിച്ചു എന്നതിന് ഉത്തരമില്ല. പക്ഷെ അതിനുള്ള ഉത്തരമായിരിക്കാം ഞാന്‍ ഇപ്പോള്‍ നിങ്ങളുടെ മുന്നില്‍ നിന്ന് സംസാരിക്കുന്നത്. ആ സിനിമയ്ക്ക് ക്ലാപ്പ് അടിച്ച സുരേഷ് കുമാര്‍, ആ സിനിമ സംവിധാനം ചെയ്ത അശോക് കുമാര്‍, പ്രിയദര്‍ശന്‍ എന്നിവരെല്ലാം ഇന്നിവിടെ ഉണ്ടായിരുന്നു. അത് എന്നെ സംബന്ധിച്ചെടുത്തോളം വലിയ ഭാഗ്യമാണ്,

ആ സിനിമ കഴിഞ്ഞ് ഞങ്ങള്‍ മട്രാസിലേക്ക് പോയി. ഞാന്‍ അവരുടെ ഉത്സാഹ കമ്മിറ്റിയിലെ ഒരാളായാണ് പോകുന്നത്. അവിടെ ചെന്ന് തമിഴ് സിനിമ എടുക്കാനുള്ള പ്ലാനിലായി അങ്ങനെ പോയി. അപ്പോഴാണ് നവോദയ പുതിയ സിനിമയിലേക്ക് ആള്‍ക്കാരെ വേണമെന്ന് അറിയിക്കുന്നത്. അന്ന് വരെ സിനിമയില്‍ അഭിനയിക്കാന്‍ എനിക്ക് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ആ സമയത്താണ് ഞാന്‍ ആര്‍ട്ട് ഡയറക്ടറായ രാധാകൃഷ്ണനെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ വീടിന്റെ മുകളില്‍ നിന്ന് ഒരാള്‍ എന്റെ കുറച്ച് ചിത്രങ്ങള്‍ എടുത്തു. ആ ചിത്രങ്ങളാണ് നവോദയയില്‍ അയച്ചു കൊടുത്തത്. അങ്ങനെയാണ് ഞാന്‍ ഓഡീഷന് പോകുന്നത്. അന്ന് എന്നെ ആദ്യമായി അഭിനയിപ്പിച്ച് നോക്കിയ ആള്‍ക്കാരാണ് ജിജോ സര്‍, പാച്ചിക്ക (ഫാസില്‍) എന്നിവരാണ്. ആ മൂന്ന് പേരും ഇവിടെ ഇരിക്കുന്നുണ്ട്. ഇതൊക്കെ ഭാഗ്യം എന്നല്ലാതെ ഞാന്‍ എന്താണ് പറയുക. അത് മുതല്‍ എന്റെ ഏറ്റവും അവസാനത്തെ ചിത്രം ലൂസിഫര്‍ ചെയ്ത് സംവിധായകന്‍ പൃഥ്വിരാജും ഇവിടെ ഇരിക്കുന്നുണ്ട്. ആ യാത്ര വളരെ വലുത് തന്നെയായിരുന്നു. നവോദയ അപ്പച്ചനേയും ഞാന്‍ ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു. അദ്ദേഹം എന്നെ ലാലു മോനെ എന്ന് മാത്രമെ ഇതുവരെ വിളിച്ചിട്ടുള്ളു. അദ്ദേഹം നമ്മെ വിട്ട് പോകുന്നത് വരെ എന്നെ ലാലു മോനെ എന്നെ വിളിച്ചിട്ടുള്ളു.

മറ്റേതൊരു നടനും കിട്ടാത്ത ഒരു ഭാഗ്യം കൂടി ഞാന്‍ പറയാം. 43 വര്‍ഷം മുമ്പ് എന്റെ ഫസ്റ്റ് ഷോട്ട് എടുത്ത ക്യാമറ എന്റെ കൈയ്യിലുണ്ട്. അത് കഴിഞ്ഞ് ഞാന്‍ ആലോചിച്ചു മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിന്റെ ക്യാമറ നവോദയയുടെ കൈയ്യിലാണ്. നവോദയ അപ്പച്ചന്‍ നമ്മെ വിട്ട് പോകുന്നതിന് മുമ്പ് ഞാന്‍ ആ ക്യാമറ എനിക്ക് തരാമോ എന്ന് വന്ന് ചോദിച്ചിരുന്നു. അദ്ദേഹം വളരെ സന്തോഷത്തോടെ എനിക്ക് അത് തന്നു.

ഒരു സിനിമ സംവിധാനം ചെയ്യണമെന്നൊന്നും ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായി ഒരു നാടകം ചെയ്യാനാണ് ഞാന്‍ ഇവിടെ വന്നത്. സിനിമയിലേക്ക് ഞാന്‍ കടന്ന് വന്നത് പോലെ അറിയാതെ തന്നെയാണ് ബറോസിലേക്കും ഞാന്‍ എത്തുന്നത്. ബറോസിന് നല്ല സിനിമയായി മാറാനുള്ള എല്ലാ ഭാഗ്യങ്ങളും ലക്ഷണങ്ങളും ഉണ്ട്. നല്ല സിനിമയായി മാറും. നന്ദി.’

ബറോസ് ഒരു പീരീഡ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളില്‍ ഭൂരിപക്ഷവും വിദേശത്തു നിന്നുള്ളവരായിരിക്കുമെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിരുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം.

ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ താനൊറ്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Covid 19 updates

Latest News