ജിസ് ജോയ് ചിത്രം ‘മോഹൻ കുമാർ ഫാൻസ്’‌; ഇത്തവണ ആസിഫല്ല

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ ജിസ് ജോയ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ക്രിസ്മസ് സ്പെഷ്യൽ പോസ്റ്റർ പുറത്തുവിട്ടു. ‘മോഹൻ കുമാർ ഫാൻസ്’‌ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ കുഞ്ചാക്കോ ബോബന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.

‘സണ്‍ഡേ ഹോളിഡേ’, ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും’ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് ഇത്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിന്റെ തിരക്കഥ.

നർമപശ്ചാത്തലത്തിൽ കുടുംബകഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം അനാര്‍ക്കലിയാണ്. ശ്രീനിവാസന്‍, സിദ്ദിഖ്, മുകേഷ്, രമേഷ് പിഷാരടി, വിനയ് ഫോര്‍ട്ട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ്, അലന്‍സിയര്‍, പ്രേംപ്രകാശ്, കെപിഎസി ലളിത, ലെന, ശ്രീ രഞ്ജിനി എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സംവിധായകൻ ജിസ് ജോയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘മോഹൻകുമാർ ഫാൻസ്’‌. ജിസ് ജോയ് സംവിധാനം ചെയ്ത ആദ്യ മൂന്ന് ചിത്രങ്ങളിലും ആസിഫ് അലി ആയിരുന്നു നായകൻ.

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ചിത്രം നിർമിക്കുന്നു. ലിസ്റ്റിന്റെ സഹോദരൻ ജസ്റ്റിൻ സ്റ്റീഫൻ ആൺ ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.

പ്രിന്‍സ് ജോര്‍ജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു. ബാഹുല്‍ രമേഷാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. രതിഷ് രാജാണ് ചിത്രത്തിൻ്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

Latest News