ഖത്തര്‍ അമീറിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ഖത്തര്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദിയുടെ ക്ഷണം തമീമിനെ അറിയിച്ചത്. ദ്വിദിന സന്ദര്‍ശനത്തിനായി ദോഹയിലെത്തിതയായിരുന്നു എസ് ജയശങ്കര്‍. 27, 28 തിയ്യതികളിലായിരുന്നു സന്ദര്‍ശനം. ശൈഖ് തമീമിനൊപ്പം ഇദ്ദേഹത്തിന്റെ പിതാവ് ഹമദ് ബിന്‍ ഖലീഫ അല്‍ താനിക്കും ക്ഷണം ലഭിച്ചിട്ടുണ്ട്.
കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ സമൂഹം ഖത്തറിന് നല്കിയ സംഭാവനകളെ ശൈഖ് ഹമദ് ബിന്‍ ഖലീഫ അഭിനന്ദിച്ചു. ഒപ്പം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ച കാര്യവും മുന്‍ ഖത്തര്‍ ഭരണാധികാരി ഓര്‍ത്തെടുത്തു.
ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര, സാമ്പത്തിക, സുരക്ഷാ സഹകരണ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ വിഷയമായി.
ഇവര്‍ക്കു പുറമെ ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര സഹമന്ത്രിയുമായ ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുള്‍ അസീസ് അല്‍ താനിയുമായും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി. കൊവിഡ് വ്യാപന സമയത്ത് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിച്ചതില്‍ എസ് ജയശങ്കര്‍ നന്ദി അറിയിച്ചു. സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ ഖത്തര്‍ ദേശീയ മ്യൂസിയം ജയശങ്കര്‍ സന്ദര്‍ശിച്ചിരുന്നു. ഒപ്പം ഖത്തറിലെ ഇന്ത്യന്‍ സമൂഹവുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ പ്രമുഖ ബിസിനസ് പ്രമുഖരുമായി ജയശങ്കര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. ഖത്തര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്‍മാനും ബോര്‍ഡ് അംഗങ്ങളുമായും ഖത്തര്‍ ബിസിനസ് അസോസിയേഷന് പ്രതിനിധികളുമായും ജയശങ്കര്‍ ചര്‍ച്ച നടത്തി.