Top

മറ്റൊരു വാക്‌സിന്‍ പിഴവ്; പശുക്കള്‍ക്കായി തെറ്റായ വാക്‌സിന്‍ വാങ്ങി കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാരിന് നഷ്ടമായത് കോടികള്‍; റിപ്പോര്‍ട്ട്

വാക്‌സിന്‍ വാങ്ങിയ ചെലവും വിതരണത്തിനും സംഭരണത്തിനുമുള്ള ചെലവുകളും ഉള്‍പ്പെടെ 1250 കോടി രൂപയാണ് സര്‍ക്കാരിന് അന്ന് ആകെ ചെലവായതെന്ന് ദി പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

15 May 2021 6:25 AM GMT

മറ്റൊരു വാക്‌സിന്‍ പിഴവ്; പശുക്കള്‍ക്കായി തെറ്റായ വാക്‌സിന്‍ വാങ്ങി കഴിഞ്ഞ വര്‍ഷം മോദി സര്‍ക്കാരിന് നഷ്ടമായത് കോടികള്‍; റിപ്പോര്‍ട്ട്
X

കൊവിഡ് വൈറസിനെതിരായ വാക്‌സിന്‍ വിതരണത്തിലെ അപാകതകളുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ വ്യാപകമായി വിമര്‍ശനം നേരിടുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മറ്റൊരു വാക്‌സിന്‍ പിഴവ് കൂടി ചര്‍ച്ചയാകുന്നു. 2019-2020 വര്‍ഷക്കാലം പശുക്കള്‍ക്കായി സര്‍ക്കാര്‍ വാങ്ങിച്ചുകൂട്ടിയ തെറ്റായ വാക്‌സിന്‍ ഡോസുകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പശുക്കളില്‍ കണ്ടുവരുന്ന ഫുട് ആന്‍ഡ് മൗത്ത് രോഗത്തെ പ്രതിരോധിക്കാനായി അംഗീകാരമില്ലാത്ത വാക്‌സിനുകള്‍ വാങ്ങിക്കൂട്ടിയതാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്. വാക്‌സിന്‍ വാങ്ങിയ ചെലവും വിതരണത്തിനും സംഭരണത്തിനുമുള്ള ചെലവുകളും ഉള്‍പ്പെടെ 1250 കോടി രൂപയാണ് സര്‍ക്കാരിന് അന്ന് ആകെ ചെലവായതെന്ന് ദി പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ബ്രില്യന്റ് ബയോഫാര്‍മ പ്രൈവറ്റ് ലിമിറ്റഡ്, ബയോവെറ്റ്, ഇന്ത്യന്‍ ഇമ്മ്യൂണോലോജിക്കല്‍സ് ലിമിറ്റഡ് എന്നീ മൂന്ന് കമ്പനികളില്‍ നിന്നുമാണ് സര്‍ക്കാര്‍ വാക്‌സിന്‍ വാങ്ങിയത്. എന്നാല്‍ വാക്‌സിന്‍ മിക്കവാറും ടെസ്റ്റുകള്‍ വിജയിച്ചിട്ടില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് എല്ലാ വാക്‌സിന്‍ ബാച്ചുകളും പിന്‍വലിക്കുകയായിരുന്നു. അംഗീകാരം ലഭിക്കുന്നതിന് മുന്‍പ് തന്നെ എന്തിനാണ് വാക്‌സിന്‍ ഡോസുകള്‍ വാങ്ങിക്കൂട്ടിയതെന്നോ എത്ര രൂപ ആകെ സര്‍ക്കാരിന് നഷ്ടമുണ്ടായെന്നോ വെളിപ്പെടുത്താന്‍ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ബജറ്റില്‍ നീക്കിവച്ച 35,000 കോടി രൂപ പൂര്‍ണമായും വാക്‌സിന്‍ വാങ്ങാന്‍ വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 12 പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു. ആദ്യ കത്തിലെ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സാഹചര്യത്തിലാണ് വീണ്ടും കത്തയക്കേണ്ടി വന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിച്ചു.

Next Story