Top

രാം വിലാസ് പാസ്വാന്റെ മരണശേഷം ‘കാബിനറ്റ്’ പൂര്‍ണ്ണമായും ബിജെപിയുടേത്? കേന്ദ്ര മന്ത്രി സഭയില്‍ പുനഃസംഘടന ഉണ്ടാകുമോ ?

എന്‍ഡിഎ നയിക്കുന്ന കേന്ദ്രമന്ത്രിസഭയില്‍ സഖ്യകക്ഷികളില്‍ നിന്നും ഇനി ഒരു മന്ത്രി മാത്രം. രാം വിലാസ് പാസ്വാന്റെ മരണശേഷം, സഖ്യകക്ഷികളില്‍ രാംദാസ് അത്താവാലെ മാത്രമേ മന്ത്രിപദത്തില്‍ ഇനി അവശേഷിക്കുന്നുള്ളൂ.

10 Oct 2020 2:06 AM GMT

രാം വിലാസ് പാസ്വാന്റെ മരണശേഷം ‘കാബിനറ്റ്’ പൂര്‍ണ്ണമായും ബിജെപിയുടേത്? കേന്ദ്ര മന്ത്രി സഭയില്‍ പുനഃസംഘടന ഉണ്ടാകുമോ ?
X

എന്‍ഡിഎ നയിക്കുന്ന കേന്ദ്രമന്ത്രിസഭയില്‍ സഖ്യകക്ഷികളില്‍ നിന്നും ഇനി ഒരു മന്ത്രി മാത്രം. രാം വിലാസ് പാസ്വാന്റെ മരണശേഷം, സഖ്യകക്ഷികളില്‍ രാംദാസ് അത്താവാലെ മാത്രമേ മന്ത്രിപദത്തില്‍ ഇനി അവശേഷിക്കുന്നുള്ളൂ. രാംദാസ് അത്താവാലെ, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവും, സാമൂഹ്യനീതി-ശാക്തീകരണ സഹമന്ത്രിയും ആണ്.

2019ലെ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് മോദി സര്‍ക്കാര്‍ രണ്ടാംവട്ടം അധികാരത്തിലേറുമ്പോള്‍ 24 ഔദ്യോഗിക പാര്‍ട്ടികളാണ് സഖ്യത്തില്‍ ഉണ്ടായിരുന്നത്. രണ്ടു കാബിനറ്റ് സ്ഥാനം നല്‍കാത്തതിന്റെ പേരില്‍ മന്ത്രിസ്ഥാനം നിരസിച്ചാണ് ജെഡിയു തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ശേഷം വെറും മൂന്ന് കാബിനറ്റ് മന്ത്രിമാര്‍ മാത്രമാണ് ബിജെപിക്ക് പുറമെ നിന്നും ഉണ്ടായിരുന്നത്.

ശിവസേനയിലെ അരവിന്ദ് സാവന്ത്, ശിരോമണി അകാലിദളിലെ ഹര്‍സിമ്രത് കൗര്‍ ബാദല്‍, ലോക് ജനശക്തി പാര്‍ട്ടിയിലെ രാം വിലാസ് പാസ്വാന്‍ എന്നിവരാണ് സഖ്യത്തില്‍ നിന്നും മന്ത്രിപദത്തിലേക്ക് എത്തിയവര്‍. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഉണ്ടായ അഭിപ്രായ വ്യത്യാസം മൂലം ശിവസേന സഖ്യം വിടുകയും അരവിന്ദ് സാവന്ത് രാജി വെക്കുകയും ആയിരുന്നു. ഈയടുത്ത് നിയമമായി മാറിയ വിവാദ കാര്‍ഷിക ബില്ലിന്റെ പേരിലാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജി വെച്ചത്. ലോക് ജനശക്തി പാര്‍ട്ടി നേതാവായ രാം വിലാസ് പാസ്വാന്‍ കഴിഞ്ഞ ദിവസം മരണപ്പെടുക ആയിരുന്നു. നിലവില്‍ കാബിനറ്റ് ബിജെപിയുടേത് മാത്രമായി മാറിയിരിക്കുകയാണ്.

ബിജെപിയുടെ സംഘടനാ തലത്തിലെ അഴിച്ചുപണി കൂടാതെ കേന്ദ്ര മന്ത്രി സഭയിലും പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് കരുതപ്പെടുന്നത്. പുറത്തായ പലരും പുനഃസംഘടനയില്‍ ഉള്‍പ്പെട്ടേക്കും എന്ന സൂചനകള്‍ വരുമ്പോഴും, ഘടകകക്ഷികളില്‍ നിന്നും ആരെയെങ്കിലും ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തിന് ഉത്തരം വ്യക്തമല്ല. ഇടഞ്ഞു നില്‍ക്കുന്ന ജെഡിയു ഇത്തവണ പുനഃസംഘടനയില്‍ താല്പര്യം കാണിക്കുമോ എന്നതിലും തീരുമാനം ആയിട്ടില്ല.

Next Story