Top

ടോക്യോയില്‍ ഹാട്രിക് തികയ്ക്കാന്‍ ഫറ ഇറങ്ങില്ല; 10,000 മീറ്റര്‍ ചാമ്പ്യന് 19 സെക്കന്‍ഡില്‍ ഒളിമ്പിക് യോഗ്യത നഷ്ടമായി

ഒളിമ്പിക്‌സില്‍ ദീര്‍ഘദൂര ട്രാക്കില്‍ തീപ്പൊരിയാകാന്‍ ഇത്തവണ ബ്രിട്ടീഷ് ഇതിഹാസം മോ ഫറ ടോക്യോയില്‍ ഉണ്ടാകില്ല. കഴിഞ്ഞ രണ്ടു തവണയായി ഒളിമ്പിക്‌സില്‍ ദീര്‍ഘദൂരയിനങ്ങളായ 5000, 10,000 മീറ്റര്‍ ഇനങ്ങളില്‍ ഫറയായിരുന്നു സുവര്‍ണ താരം. ഇക്കുറി 5000 മീറ്ററില്‍ മത്സരിക്കുന്നില്ലെന്നു നേരത്തെ പ്രഖ്യാപിച്ച താരത്തിന് 10000 മീറ്ററില്‍ ഒളിമ്പിക് യോഗ്യത നേരിയ വ്യത്യാസത്തില്‍ നഷ്ടമായി. ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള തന്റെ അവസാന അവസരമായ ബ്രിട്ടീഷ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 19 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഫറയ്ക്ക് യോഗ്യത നഷ്ടമായത്. 27 മിനിറ്റ് 28 […]

26 Jun 2021 12:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടോക്യോയില്‍ ഹാട്രിക് തികയ്ക്കാന്‍ ഫറ ഇറങ്ങില്ല; 10,000 മീറ്റര്‍ ചാമ്പ്യന് 19 സെക്കന്‍ഡില്‍ ഒളിമ്പിക് യോഗ്യത നഷ്ടമായി
X

ഒളിമ്പിക്‌സില്‍ ദീര്‍ഘദൂര ട്രാക്കില്‍ തീപ്പൊരിയാകാന്‍ ഇത്തവണ ബ്രിട്ടീഷ് ഇതിഹാസം മോ ഫറ ടോക്യോയില്‍ ഉണ്ടാകില്ല. കഴിഞ്ഞ രണ്ടു തവണയായി ഒളിമ്പിക്‌സില്‍ ദീര്‍ഘദൂരയിനങ്ങളായ 5000, 10,000 മീറ്റര്‍ ഇനങ്ങളില്‍ ഫറയായിരുന്നു സുവര്‍ണ താരം. ഇക്കുറി 5000 മീറ്ററില്‍ മത്സരിക്കുന്നില്ലെന്നു നേരത്തെ പ്രഖ്യാപിച്ച താരത്തിന് 10000 മീറ്ററില്‍ ഒളിമ്പിക് യോഗ്യത നേരിയ വ്യത്യാസത്തില്‍ നഷ്ടമായി.

ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള തന്റെ അവസാന അവസരമായ ബ്രിട്ടീഷ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 19 സെക്കന്‍ഡിന്റെ വ്യത്യാസത്തിലാണ് ഫറയ്ക്ക് യോഗ്യത നഷ്ടമായത്. 27 മിനിറ്റ് 28 സെക്കന്‍ഡായിരുന്നു ഈയിനത്തില്‍ ടോക്യോ ഒളിമ്പിക്‌സിനുള്ള യോഗ്യതാ മാര്‍ക്ക്. എന്നാല്‍ 27 മിനിറ്റ് 47 സെക്കന്‍ഡില്‍ മാത്രമാണ് മാഞ്ചസ്റ്ററില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ ഫറയ്ക്ക് ഫിനിഷ് ചെയ്യാനായത്.

പരുക്ക് വകവയ്ക്കാതെയായിരുന്നു യോഗ്യത ലക്ഷ്യമിട്ട് താരം മത്സരത്തിനിറങ്ങിയത്. എന്നാല്‍ കണങ്കാലിനേറ്റ പരുക്കിന്റെ വേദന മറന്നു പരിശ്രമിച്ചിട്ടും യോഗ്യത അകന്നു പോകുകയായിരുന്നു. 38-കാരനായ ഫറയ്ക്ക് ഇതോടെ ഒളിമ്പിക്‌സില്‍ ഹാട്രിക് സ്വര്‍ണം നേടാനാകില്ലെന്ന് ഉറപ്പായി.

2012, 2016 ഒളിമ്പിക്‌സുകളില്‍ 5000-10000 മീറ്ററുകളില്‍ സ്വര്‍ണം നേടി ഡബിള്‍ തികച്ച താരമാണ് ഫറ. ടോക്യോ ഒളിമ്പിക്‌സില്‍ ഈ നേട്ടം ആവര്‍ത്തിച്ച് തന്റെ അത്‌ലറ്റിക് കരിയര്‍ അവസാനിപ്പിക്കാനായിരുന്നു ഫറ ലക്ഷ്യമിട്ടത്. 5000 മീറ്ററില്‍ നിന്നു നേരത്തെ പിന്മാറുകയും ഇപ്പോള്‍ 10000 മീറ്ററില്‍ യോഗ്യത നഷ്ടമാകുകയും ചെയ്തതോടെ ഇനി ഒരു ഒളിമ്പിക്‌സ് മെഡല്‍ ഫറയ്ക്ക് അപ്രാപ്യമാകുമെന്ന് തീര്‍ച്ചയാണ്.

യോഗ്യതാ പോരാട്ടത്തില്‍ പരാജയപ്പെട്ടതിനു പിന്നാലെ താരം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിച്ചെങ്കിലും തീരുമാനം വ്യക്തമാക്കാന്‍ താരം തയാറായിട്ടില്ല. ഉടന്‍ ഒരു തീരുമാനം കൈക്കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല താനെന്നും സ്‌പൈക്‌സ് അഴിച്ചുവയ്ക്കുകയെന്നത് തന്നെ സംബന്ധിച്ച് ഏറെ വേദനയുളവാക്കുന്ന തീരുമാനമാണെന്നും താരം പറഞ്ഞു.

തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്‌സുകളില്‍ ഇരട്ട സ്വര്‍ണം നേടിയതു കൂടാതെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറ് സ്വര്‍ണവും രണ്ടു വെള്ളിയും താരത്തിന്റെ പേരിലുണ്ട്. 2013 മുതല്‍ തുടര്‍ച്ചയായി മൂന്നു തവണ 10,000 മീറ്ററില്‍ സ്വര്‍ണം നേടി ഹാട്രിക് തികച്ചിട്ടുണ്ട്. യൂറോപ്യന്‍ ചാമ്പന്‍ഷിപ്പുകളില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും സ്വന്തം പേരിലുണ്ട്.

Next Story

Popular Stories