Top

രണ്ടാം പിണറായി മന്ത്രിസഭയില്‍ മണിയാശാന്റെ സാന്നിദ്ധ്യമുണ്ടാകുമോ? അന്തിമ തീരുമാനം തിങ്കളാഴ്ച്ചയുണ്ടായേക്കും

പിണറായി വിജയന്‍ ഒഴികെയുള്ള മറ്റെല്ലാവരും പുതുമുഖങ്ങളാക്കി മന്ത്രിസഭയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഐഎം ശ്രമിക്കുന്നതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് കെ.കെ ശൈലജ ഉള്‍പ്പെടെയുള്ള ചിലരെ നിലനിര്‍ത്താന്‍ സിപിഐഎം തീരുമാനിച്ചതായും വ്യക്തമായി.

15 May 2021 6:35 AM GMT

രണ്ടാം പിണറായി മന്ത്രിസഭയില്‍ മണിയാശാന്റെ സാന്നിദ്ധ്യമുണ്ടാകുമോ? അന്തിമ തീരുമാനം തിങ്കളാഴ്ച്ചയുണ്ടായേക്കും
X

തിരുവനന്തപുരം: ഉടമ്പന്‍ചോലയില്‍ മികച്ച വിജയം സ്വന്തമാക്കിയ എംഎം മണിക്ക് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുമോയെന്നതാണ് അണികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച. ഉടുമ്പന്‍ചോലയില്‍ നിന്നും വീണ്ടും ഒരു മന്ത്രിയുണ്ടാകണമെന്നാണ് പാര്‍ട്ടി അനുഭാവികളുടെയും നേതാക്കളുടെ ആഗ്രഹമെങ്കിലും സൂചനകള്‍ മറ്റൊന്നാണ്. മണിയാശാന് വൈദ്യുത വകുപ്പില്‍ നിന്ന് മാറ്റി നിര്‍ണായക വകുപ്പ് ഏല്‍പ്പിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും വ്യക്തമായ വിവരങ്ങള്‍ നല്‍കാന്‍ സിപിഐഎം കേന്ദ്രങ്ങള്‍ തയ്യാറായിട്ടുമില്ല.

പിണറായി വിജയന്‍ ഒഴികെയുള്ള മറ്റെല്ലാവരും പുതുമുഖങ്ങളാക്കി മന്ത്രിസഭയില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സിപിഐഎം ശ്രമിക്കുന്നതായിട്ടാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ പിന്നീട് കെ.കെ ശൈലജ ഉള്‍പ്പെടെയുള്ള ചിലരെ നിലനിര്‍ത്താന്‍ സിപിഐഎം തീരുമാനിച്ചതായും വ്യക്തമായി. കെകെ ശൈലജയ്ക്ക് സമാനമായ ഉറപ്പ് മണിയാശാന്‍ മന്ത്രിയാവുന്ന കാര്യത്തില്‍ സിപിഐഎം കേന്ദ്രങ്ങള്‍ നല്‍കുന്നില്ല. വൈദ്യുത വകുപ്പ് കേരളാ കോണ്‍ഗ്രസിന് നല്‍കാന്‍ തീരുമാനിച്ചേക്കുമെന്ന സൂചനയും നിലനില്‍ക്കുന്നുണ്ട്.

നിര്‍ണായക വകുപ്പ് ഏല്‍പ്പിക്കാന്‍ പാകത്തിന് വിശ്വസ്തനമായ പാര്‍ട്ടി നേതാവാണ് എംഎം മണി. എന്നാല്‍ പ്രാദേശിക ചുവയുള്ള ചില രസികന്‍ ദേഷ്യ പ്രയോഗങ്ങളും മുറയ്ക്ക് നടത്താറുള്ളതിനാല്‍ പാര്‍ട്ടിക്ക് തലവേദനയായി മാറാനും ഉടുമ്പന്‍ചോല എം.എല്‍.എ സാധ്യതയുണ്ട്. മന്ത്രിസ്ഥാനത്തെ ചൊല്ലി വലിയ അസ്വാരസ്യങ്ങളൊന്നും ഇതുവരെ സിപിഐഎം പാളയത്തില്‍ നിന്ന് ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കുള്ളില്‍ മന്ത്രിസ്ഥാനത്തേക്കുറിച്ച് പടയൊരുക്കമൊന്നും ഉണ്ടാവില്ലെന്നുറപ്പാണ്.

1985ന് ശേഷം തുടര്‍ച്ചയായ എട്ട് തവണ ഇടുക്കി ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചത് മണിയാശാനാണ്. 2016ലെ തെരഞ്ഞെടുപ്പിന് വിപരീതമായി ഇത്തവണ ഉടുമ്പന്‍ചോലയില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിടുമെന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിക്കുകയാണുണ്ടായത്. 38,305 വോട്ടുകള്‍ക്കാണ് ഇ എ അഗസ്റ്റി ആശാനോട് പരാജയപ്പെട്ടത്. ഉടുമ്പന്‍ചോലയിലെ പ്രാദേശികര്‍ക്കിടയില്‍ മണിയാശാന്റെ വേരോട്ടം വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് വിജയമായി ഇത്തവണത്തേത്.

നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുകയാണെങ്കില്‍ ഈ മാസം ഇരുപതിന് രാവിലെ സര്‍പ്രൈസ് പേരുകള്‍ പ്രഖ്യാപിക്കപ്പെടും. മണിയാശാനെ കൂടുതല്‍ ഉത്തരവാദിത്വമുള്ള വകുപ്പ് നല്‍കാനാണ് നിലവിലെ സാധ്യത. ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം തിങ്കളാഴ്ച്ച പുറത്തുവരുമെന്നും സൂചനയുണ്ട്. സിപിഐഎമ്മിന്റെ നിര്‍ണായക യോഗം തിങ്കളാഴ്ച്ച നടക്കാനിരിക്കെ ഘടക കക്ഷികള്‍ക്ക് എന്തൊക്കെ വകുപ്പുകള്‍ ലഭിക്കുമെന്നതിനെക്കുറിച്ച് ഏകദേശ ചിത്രങ്ങളായിട്ടുണ്ട്.

Next Story