‘ജലീല്‍ അങ്ങയെ മന്ത്രിയാക്കിയത് എകെജി സെന്റില്‍ നിന്നായിരിക്കാം, നിലത്തിറക്കിയത് കേരള ജനതയാണ്’; കെടി ജലീല്‍ രാജിയില്‍ എംകെ മുനീര്‍

കോഴിക്കോട്: എല്ലാ ധാര്‍മ്മികതയും കാറ്റില്‍ പറത്തി അധികാരക്കസേരയില്‍ അവസാനം വരെയും പിടിച്ചു തൂങ്ങാന്‍ ശ്രമിച്ച ശ്രി കെടി ജലീലിനെ ഒടുവില്‍ മുഖ്യമന്ത്രിയും മുന്നണിയും ഒരു നിലയ്ക്കും സംരക്ഷിക്കാന്‍ കഴിയാതെ കയ്യൊഴിഞ്ഞതിന്റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ രാജിയെന്നും മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. ഇക്കാലമത്രയും പ്രതിപക്ഷം അക്കമിട്ട് നിരത്തിയ ആരോപണങ്ങളൊക്കെയും വെറും ഉണ്ടയില്ലാ വെടികളാണെന്നും ‘സത്യം മാത്രമേ’ ജയിക്കൂ എന്നും പറഞ്ഞ് പ്രതിരോധിച്ചു പോന്ന അദ്ദേഹത്തിന് ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ നാണം കെട്ട് ഇറങ്ങേണ്ടി വന്നത് ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തെളിഞ്ഞത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചുരുക്കത്തില്‍ രാജി വൈകിച്ചത് കൊണ്ട് നാണക്കേട് വര്‍ധിപ്പിച്ചു എന്നതല്ലാതെ ഒരു നേട്ടവും ഇടത് മുന്നണിക്കോ ജലീലിനോ ഉണ്ടായിട്ടില്ല. പാര്‍ട്ടിക്കാരന്‍ അല്ലാതിരുന്നിട്ടും ഇ പി ജയരാജന് പോലും കിട്ടാതിരുന്ന പരിരക്ഷയാണ് മുഖ്യന്ത്രി ജലീലിന് നല്‍കിപ്പോന്നതെന്നും എം കെ മുനീര്‍ പറഞ്ഞു.

സിപിഐഎമ്മിന്റെ മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത ഒരാള്‍ക്ക് ഭരണത്തില്‍ കിട്ടിയ പ്രിവിലേജ് അധികാരത്തിന്റെ ഇടനാഴികയില്‍ ഓരോ അവിശുദ്ധ ഇടപാടുകള്‍ക്കും പിന്നില്‍ ജലീലിന് ഉണ്ടായിരുന്ന പങ്ക് വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ അമര്‍ഷം മുന്നണിയിലും പാര്‍ട്ടിയിലും ഉയര്‍ന്നിട്ടും അവസാന നിമിഷം വരെ കണ്ണിലെ കൃഷ്ണ മണി പോലെ ജലീലിനെ സംരക്ഷിച്ചു പോന്ന ജലീലിന്റെ ഇപ്പോഴത്തെ രാജി മുഖ്യമന്ത്രിക്ക് കിട്ടിയ വലിയ തിരിച്ചടിയാണെന്നും എംകെ മുനീര്‍ പറഞ്ഞു.

ജലീല്‍ അങ്ങയെ മന്ത്രിയാക്കിയത് എകെജി സെന്ററില്‍ നിന്നായിരിക്കാം. പക്ഷെ അങ്ങയെ നിലത്തിറക്കിയത് കേരള ജനതയാണെന്നും എംകെ മുനീര്‍ പറഞ്ഞു.

Covid 19 updates

Latest News