‘ലീഗ് വലിയ ഒറ്റകക്ഷിയായാലും മുന്നണി നേതൃത്വം കോണ്‍ഗ്രസിന് തന്നെ’; പ്രതിപക്ഷ നേതാവോ മുഖ്യമന്ത്രിയോ ആവണമെന്ന നിര്‍ബന്ധം ലീഗിനില്ലെന്ന് എംകെ മുനീര്‍

കൊച്ചി: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തരുതെന്ന് ലീഗ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് എംകെ മുനീര്‍. ലീഗ് വലിയ ഒറ്റകക്ഷിയായാലും മുന്നണി നേതൃത്വം കോണ്‍ഗ്രസിന് തന്നെയാവുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ക്ലോസ് എന്‍കൗണ്ടറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോണ്‍ഗ്രസിനകത്ത് വന്ന വീഴ്ച എന്താണെന്ന് ലീഗ് ബോധ്യപ്പെടുത്തി. തിരുത്തല്‍ സ്വയം നടത്തണമെന്നും ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനകത്ത് കയറി ലീഗിന് റിപ്പയര്‍ ചെയ്യാനാവില്ല. തദ്ദേശ സ്ഥാപനങ്ങൡലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ് അവധാനതയോടെ നിര്‍വഹിച്ചിരുന്നുവെങ്കില്‍ നന്നാകുമായിരുന്നുവെന്നും എംകെ മുനീര്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ നേതാവ് മാറണം എന്ന് പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയോ മുല്ലപ്പള്ളിയോ മാറണം എന്ന് പറഞ്ഞിട്ടില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.

എന്ത് തന്നെ സംഭവിച്ചാലും യുഡിഎഫിനെ നയിക്കുന്നത് കോണ്‍ഗ്രസ് തന്നെയായിരിക്കും. ലീഗ് വിവേക ശൂന്യമായ പാര്‍ട്ടിയല്ല. ലീഗ്് ഏറ്റവും വലിയ ഒറ്റകക്ഷിയായാലും മുന്നണി നേതൃത്വം കോണ്‍ഗ്രസിന് തന്നെയായിരിക്കുമെന്നും എംകെ മുനീര്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകണം എന്ന് ലീഗ് ആഗ്രഹിക്കുന്നില്ല. യുഡിഎഫ് നിലനില്‍ക്കുന്നിടത്തോളം കോണ്‍ഗ്രസ് തന്നെ ലീഗിനെ നയിക്കുമെന്നും എംകെ മുനീര്‍ പറഞ്ഞു.

യുനെസ്‌കോ പൈതൃക പട്ടികയിലുണ്ടായിരുന്ന ഹാഗിയ സോഫിയാ മ്യൂസിയം മുസ്ലിം പള്ളിയാക്കിയതിനെ പിന്തുണച്ച് ചന്ദ്രിക ദിനപത്രത്തില്‍ അയാസോഫിയയിലെ ജുമുഅ എന്ന ലേഖനമെഴുതിയതില്‍ തെറ്റുപറ്റിയെന്ന്
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ സമ്മതിച്ചതായും എംകെ മുനീര്‍ പറഞ്ഞു. ഇക്കാര്യം ക്രിസ്ത്യന്‍ മതമേലദ്ധ്യക്ഷന്‍മാരോട് പറയുകയും അവര്‍ അത് ഉള്‍ക്കൊള്ളുകയും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

അന്തര്‍ദേശീയ വിഷയങ്ങളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് മുസ്‌ലിം സമുദായത്തോട് സംശയം ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യന്‍ സമുദായങ്ങളുമായി കുറെക്കാലമായി വിനിമയം ഉണ്ടായിട്ടില്ലെന്നും എംകെ മുനീര്‍ പറഞ്ഞു.

കഴിഞ്ഞ കാലത്ത് ക്രിസത്യന്‍ ആശങ്കകള്‍ അഭിമുഖീകരിക്കാന്‍ കഴിഞ്ഞില്ല. അതേ സമയം എല്‍ഡിഎഫിന് അവരെ പ്രീണിപ്പിക്കാന്‍ കഴിഞ്ഞുവെന്നും എംകെ മുനീര്‍ പറഞ്ഞു.

സാമൂഹ്യ വിഭാഗങ്ങളുടെ ചോദ്യങ്ങളും ആശങ്കകളും യുഡിഎഫ് അഭിമുഖീകരിക്കും. യുഡിഎഫ് അവര്‍ക്കൊപ്പം നില്‍ക്കും എന്ന സന്ദേശം നേരത്തെ എത്തിക്കാന്‍ കഴിഞ്ഞില്ല. എല്‍ഡിഎഫ് പ്രീണിപ്പിക്കുകയും ചെയ്തുവെന്നും എംകെ മുനീര്‍ പറഞ്ഞു.

Latest News